പറവൂർ: ദേശീയപാത 66 ആറുവരിപ്പാതയുടെ ഇരുഭാഗത്തേക്കും കടക്കാൻ വഴിയില്ലാത്ത അവസ്ഥ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വെല്ലുവിളിയായി. മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ പാതയുടെ ഇരുഭാഗത്തുമുള്ള നൂറുകണക്കിന് ഗ്രാമീണ റോഡുകൾ ഇതിനകം അടച്ചുക്കെട്ടി. റോഡിന് ഇരുഭാഗത്തുമുള്ളവർക്ക് കിലോമീറ്റർ ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. ജനബാഹുല്യമുള്ള ഭാഗത്ത് 10 മുതൽ 16 അടിയോളം ഉയരത്തിലാണ് പാത കടന്നുപോകുന്നത്.
അതേസമയം, പ്രാധാന്യം കുറഞ്ഞ മേഖലയിലൂടെ റോഡ് താഴ്ന്നുപോകുന്നു. കൂനമ്മാവിൽ മൂന്നു ഹയർ സെക്കൻഡറി സ്കൂൾ, സെപ്ഷൽ സ്കൂൾ, ഐ.ടി.ഐ എന്നിവ ഉൾപ്പെടെ പ്രവർത്തിക്കുന്ന ഭാഗത്ത് 12 അടിയോളം ഉയരത്തിൽ മതിൽകെട്ടി തിരിച്ചാണ് പാത കടന്നുപോകുന്നത്.
ഇവിടെ പ്രവർത്തിക്കുന്ന ഗവ. ആശുപത്രിയിൽ വരുന്ന രോഗികൾ വലയും. കൂനമ്മാവ് സെൻറ് ഫിലോമിനാസ് ചാവറ തീർഥാടന കേന്ദ്രത്തിൽ വരുന്ന തീർഥാടകരും പ്രതിസന്ധിയിലാണ്. ദീർഘവീക്ഷണമില്ലാതെയാണ് ഈ ഭാഗത്ത് അലൈൻമെൻറ് നടത്തിയത്. നേരത്തേ ഒരു കിലോമീറ്റർ ദൂരത്തിൽ മേൽപാലം മാതൃകയിലാണ് റോഡ് വിഭാവനം ചെയ്തിരുന്നത്.
എന്നാൽ, പിന്നീട് മാറ്റംവരുത്തി പാത നിലവിലുള്ള റോഡിൽനിന്നും ഉയർത്തിയാണ് നിർമിച്ചിരിക്കുന്നത്. അതിനിടെ ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കലക്ടറും എം.പിയും സന്ദർശനം നടത്തിയെങ്കിലും നടപടി ഉണ്ടായില്ല.
കൂനമ്മാവ് പള്ളിപ്പടി ഭാഗത്തു അടിപ്പാത ഉണ്ടാക്കിയാൽ മാത്രമേ വിദ്യാർഥികൾക്കും മറ്റു യാത്രിക്കാർക്കും മറുഭാഗത്തേക്ക് കടക്കാൻ കഴിയൂ. ഇതിന് അധികൃതർ അനുവാദം നൽകിയില്ലെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ തടയുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. ഈ ഭാഗത്ത് സർവിസ് റോഡുകൾക്കും വീതിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. പുതിയ പാത നിർമാണം ആറു റോഡുകളിൽനിന്നും വരുന്നവർക്ക് ദേശീയപാതയിലേക്കുള്ള പ്രവേശനം നിഷേധിച്ച രീതിയാണ്. ഇത് ശക്തമായി നേരിടുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.