കഞ്ചാവ് കേസ് ഒഴിവാക്കാൻ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന്; തൃക്കാക്കരയിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

കാക്കനാട്: പൊലീസിനെ നാണക്കേടിലാക്കിയ കഞ്ചാവ് വിവാദത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ പി.പി. അനൂപ്, ലിന്റോ ഏലിയാസ് എന്നിവർക്കെതിരെയാണ് കൊച്ചി സിറ്റി പൊലീസ് കമീഷണർ നടപടി സ്വീകരിച്ചത്. ഇരുവർക്കും വീഴ്ച പറ്റിയെന്നത് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. തൃക്കാക്കര എ.സി.പി പി.വി. ബേബി പ്രാഥമിക അന്വേഷണം നടത്തി ഇരുവർക്കും എതിരായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതു പ്രകാരമാണ് ഇരുവരേയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ബുധനാഴ്‌ചയാണ് വിവാദ സംഭവം നടന്നത്. കാക്കനാട് അത്താണിയിൽ സീരിയൽ പ്രവർത്തകർ താമസിച്ചിരുന്ന വീട്ടിൽ ഇരുവരും പരിശോധനക്ക് എത്തിയത്. തുടർന്ന് ഇവിടെനിന്ന് കഞ്ചാവ് കിട്ടിയെന്ന് പറഞ്ഞ് യുവാക്കളെ ഭീഷണിപ്പെടുത്തുകയായിരുന്നു. കോടതിയിൽ എത്തിയാൽ 35,000 രൂപയോളം ചെലവ് വരുമെന്ന് പറഞ്ഞ ഇവർ 10,000 രൂപ കൈക്കൂലി നൽകിയാൽ കേസ് ഒഴിവാക്കാം എന്നും ആവശ്യപ്പെട്ടെന്നായിരുന്നുവെന്നാണ് യുവാക്കളുടെ പരാതി. പണമില്ലെന്ന് പറഞ്ഞപ്പോൾ ഉച്ചക്ക് വരാം എന്നും പൈസ തയാറാക്കി വെക്കാൻ ആവശ്യപ്പെട്ടെന്നും യുവാക്കൾ പറഞ്ഞു. പൊലീസുകാർ മടങ്ങിയപ്പോൾ തൃക്കാക്കര നഗരസഭ കൗൺസിലറായ പി.സി. മനൂപിനെ ബന്ധപ്പെട്ട യുവാക്കൾ ഇക്കാര്യം അറിയിച്ചതോടെയാണ് സംഭവം വിവാദമായത്.

സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനും തൃക്കാക്കര എ.സി.പിയും സ്ഥലത്ത് തമ്പടിച്ചിരുന്നു. ഉച്ചക്ക് ഒരു മണിയോടെ അനൂപും ലിന്റോയും മടങ്ങിയെത്തിയതോടെയാണ് കള്ളിവെളിച്ചത്തായത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച പറ്റിയത് ബോധ്യപ്പെട്ട എ.സി.പി ഇക്കാര്യം സൂചിപ്പിച്ച് റിപ്പോർട്ട് നൽകുകയായിരുന്നു.

പൊലീസുകാർ തന്നെ കഞ്ചാവ് കൊണ്ടിടുകയായിരുന്നുവെന്നും മർദിക്കുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തുവെന്നുമാണ് യുവാക്കൾ ആരോപിച്ചത്. ഇക്കാര്യത്തിലും അന്വേഷണം നടക്കും. അതേസമയം കഞ്ചാവ് കൈവശം വെച്ചതിന് യുവാക്കൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Demanded a bribe of Rs 10,000 to avoid ganja case; Two police officers suspended in Thrikkakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.