കാക്കനാട്: തൃക്കാക്കര നഗരസഭയുടെ വിവിധ വാർഡുകളിൽ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്തയിനത്തിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുകളെന്ന് നഗരസഭ ധനകാര്യ കമ്മിറ്റിയുടെ കണ്ടെത്തൽ. ഫയലിൽ വെട്ടിത്തിരുത്തൽ നടത്തി കൂടുതൽ തുക തട്ടാൻ ഉദ്യോഗസ്ഥതലത്തിൽ നടന്ന ഇടപെടലുകൾ ധനകാര്യ കമ്മിറ്റി കണ്ടെത്തി തടയുകയായിരുന്നു. 2023 മേയ് 25ന് നൽകിയ ബില്ലു പ്രകാരം ജനുവരി മുതൽ ഏപ്രിൽ വരെ 190 ലോഡ് കുടിവെള്ളം വിവിധ വാർഡുകളിൽ വിതരണം ചെയ്തതായാണ് കണക്ക്.
ഇതേ ബില്ലിൽ കൃത്രിമം കാണിച്ച് ബിൽ തുകയും കുടിവെള്ള വിതരണ ക്കണക്കും പെരുപ്പിച്ചുകാട്ടിയതായി കണ്ടെത്തുകയായിരുന്നു. 190 ലോഡ് കുടിവെള്ളം എന്നത് 299 ലോഡ് ടാങ്കർ കുടിവെള്ളമെന്ന് തിരുത്തി 2,39,000 രൂപയായി ബിൽ തുക വർധിപ്പിച്ചു. 2024 മേയ് 31 ന് നൽകിയ ബിൽ നഗരസഭ ധനകാര്യ കമ്മിറ്റി മുമ്പാകെ പരിഗണനക്ക് വന്നപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. കഴിഞ്ഞ മാർച്ചിൽ നഗരസഭയുടെ മരാമത്ത് ഫയലുകളിൽ വ്യാപക തിരുത്തലുകൾ കണ്ടെത്തിയിരുന്നു. അത്താണി ശ്മശാനം റോഡ്, പാലച്ചുവട് മണ്ണാടി റോഡ് എന്നിവയുടെ നിർമാണ ചിലവിലെ ബില്ലിലാണ് അന്ന് തിരുത്തൽ കണ്ടെത്തിയത്.
ഒരു റോഡിലെ നിർമാണചെലവ് ഏഴുലക്ഷം എന്നത് ഏഴുകോടിയാക്കി ആദ്യം തിരുത്തി. പിന്നീട് ആ ഫയൽ വീണ്ടും വെട്ടിതിരുത്തി 70 ലക്ഷമാക്കി. മറ്റൊരു റോഡ് നിർമാണം 1.20 ലക്ഷമെന്നത് 12 ലക്ഷമാക്കി തിരുത്തിയ നിലയിലുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.