കാക്കനാട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു വ്യാഴാഴ്ച തൃക്കാക്കരയിലെ ഇടതുസ്ഥാനാർഥി ഡോ. ജോ ജോസഫ്. കഴിഞ്ഞദിവസം മരിച്ച മുതിർന്ന പത്രപ്രവർത്തകൻ വി.പി. രാമചന്ദ്രന് അന്തിമോപചാരം അർപ്പിച്ചശേഷം ചങ്ങനാശ്ശേരി പെരുന്നയിൽ എൻ.എസ്.എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി. ഉച്ചക്കുശേഷം കൺവെൻഷനുമായി ബന്ധപ്പെട്ട ഓട്ടത്തിലായിരുന്നു. പൊതുപര്യടന പരിപാടികൾ ഇല്ലാതിരുന്നതിനാൽ വീട്ടുപരിസരത്തും ഫോണിലൂടെയുമായിരുന്നു പ്രചാരണം. സമൂഹമാധ്യമങ്ങളിൽ സജീവമായിത്തന്നെ ഉണ്ടായിരുന്നു.
അതിനിടെയാണ് ശക്തമായ കാറ്റിലും മഴയിലും ജോ ജോസഫിന്റെ വീടിനുസമീപം മരം കടപുഴകി വീണത്. ഇതോടെ പ്രദേശത്തെ ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. വിവരം അറിഞ്ഞയുടൻ സ്ഥാനാർഥിയും പ്രവർത്തകരും എത്തി മരം മുറിച്ചുമാറ്റി. വാഴക്കാല പാപ്പാളി സെന്റ് നിക്കോളാസ് റോഡിലായിരുന്നു മരം വീണത്. ഇവിടെ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കണമെന്നും ജോ ജോസഫ് പറഞ്ഞു.
കാക്കനാട്: ലോക നഴ്സസ് ദിനമായിരുന്ന വ്യാഴാഴ്ച ഭൂമിയിലെ മാലാഖമാർക്ക് ആശംസകളുമായി തൃക്കാക്കരയിലെ സ്ഥാനാർഥികൾ. കാക്കനാട് സൺറൈസ് ആശുപത്രിയിലെ നഴ്സുമാർക്ക് ഒപ്പമായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്റെ ആഘോഷം. നഴ്സുമാർക്ക് സമ്മാനിക്കാൻ പൂച്ചട്ടിയുമായായിരുന്നു സ്ഥാനാർഥി എത്തിയത്.
മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുമായി ബന്ധപ്പെട്ട തിരക്കുകളിൽ ആയിരുന്നതിനാൽ എറണാകുളം ലിസി ആശുപത്രിയിലെ ഡോക്ടറായ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന് സഹപ്രവർത്തകർക്കൊപ്പം ചെലവഴിക്കാൻ കഴിഞ്ഞില്ല. സോഷ്യൽ മീഡിയയിലൂടെയായിരുന്നു സ്ഥാനാർഥി സഹപ്രവർത്തകർ അടക്കമുള്ളവർക്ക് ആശംസകൾ നേർന്നത്.
തൃക്കാക്കര നഗരസഭ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാരുടെ ഒപ്പമായിരുന്നു എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ. ആശുപത്രിയിലെത്തിയ സ്ഥാനാർഥി നഴ്സുമാർക്ക് മധുരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.