കാക്കനാട് (എറണാകുളം): തൃക്കാക്കരയിലെ ഓണസമ്മാന വിവാദം പ്രതിപക്ഷം വലിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനിടെ എതിർവാദവുമായി യൂത്ത് ലീഗ്. 2015ലെ എല്‍.ഡി.എഫ് ഭരണകാലത്ത് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ മുഴുവൻ കൗണ്‍സിലര്‍മാര്‍ക്കും 25,000 രൂപ വീതം പാരിതോഷികം നല്‍കിയിട്ടുണ്ടെന്നാണ് യൂത്ത് ലീഗ് തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ ആരോപണം.
വിഷയത്തിൽ വിജിലൻസിന് പരാതി നൽകുമെന്നും യൂത്ത് ലീഗ് തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി വ്യക്തമാക്കി. വാര്‍ഡ് തലത്തില്‍ കൊതുകുനശീകരണത്തിന് 25,000 രൂപ വീതം കൗണ്‍സിലര്‍മാര്‍ക്ക് അനുവദിക്കുന്നതായി ഫയല്‍ തയാറാക്കിയാണ് തുക കൈമാറിയതെന്ന് മണ്ഡലം ഭാരവാഹികൾ പറഞ്ഞു.
ഓരോ കൗണ്‍സിലര്‍മാരുടെയും പേരില്‍ ചെക്കായാണ് തുക കൈമാറിയത്. വാര്‍ഡ് തലത്തില്‍ നടക്കുന്ന പ്രവൃത്തികള്‍ക്ക് കരാറുകാര്‍ക്കല്ലാതെ പണം നല്കാന് പാടില്ലെന്ന ചട്ടം മറികടന്നാണ് കൗണ്‍സിലര്‍മാര്‍ക്ക് നഗരസഭയുടെ ഫണ്ടില്‍നിന്ന് ചെക്കായി തുക കൈമാറിയതെന്നും ആരോപിച്ചു.
തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ വിജിലൻസ് അന്വേഷണത്തിന് നടപടി ആരംഭിച്ചു. നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ വാർഡ് കൗൺസിലർമാർക്ക് ഓണസമ്മാനമായി 10,000 രൂപ വീതം നൽകിയതിെൻറ ഉറവിടം കണ്ടെത്തണം എന്ന പ്രതിപക്ഷ കൗൺസിലർമാരുടെ പരാതിയിലാണ് വിജിലൻസ് അന്വേഷണം.
വിജിലൻസ് ഡയറക്ടറേറ്റിൽനിന്ന് അനുമതി ലഭിക്കുന്ന സാഹചര്യത്തിൽ അടുത്ത ദിവസം തന്നെ അന്വേഷണം ആരംഭിക്കുമെന്നാണ് വിവരം. സംഭവത്തിൽ കോൺഗ്രസ് നിയോഗിച്ച അന്വേഷണ കമീഷൻ ചൊവ്വാഴ്ച മൊഴിയെടുക്കുമെന്നാണ് സൂചന. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായതെങ്കിലും ഓണം പ്രമാണിച്ച് സർക്കാർ ഓഫിസുകൾക്ക് തുടർച്ചയായി അവധിയായതോടെ അന്വേഷണം വൈകുകയായിരുന്നു.
ഡയറക്ടറേറ്റിൽനിന്ന് നിർദേശം ലഭിക്കുന്നതിനനുസരിച്ച് ചൊവ്വയോ ബുധനോ അന്വേഷണം ആരംഭിക്കാനാണ് വിജിലൻസ് കൊച്ചി യൂനിറ്റിെൻറ തീരുമാനം. ഭരണ സമിതിക്കെതിരെ ആരോപണവുമായെത്തിയ കോൺഗ്രസ് കൗൺസിലർ വി.ഡി. സുരേഷ്, പണം ലഭിച്ചതായി പരാതിപ്പെട്ട പ്രതിപക്ഷ കൗൺസിലർമാർ ഉൾെപ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും.
ആരോപണവിധേയയായ ചെയർപേഴ്സൻ അജിത തങ്കപ്പൻ, ആവശ്യമെങ്കിൽ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെയും മൊഴിയെടുക്കാനാണ് വിജിലൻസിെൻറ തീരുമാനം. 43 കൗൺസിലർമാർക്കും 10,000 രൂപ വീതം നൽകാൻ 4,30,000 രൂപ വേണ്ടി വരും. ഇത്രയും രൂപ എവിടെനിന്ന് സംഘടിപ്പിച്ചു എന്നതും വിജിലൻസ് പരിശോധിക്കും.
തൃക്കാക്കരയിൽ ഓണസമ്മാനത്തോടൊപ്പം കൗൺസിലർമാർക്ക് 10,000 രൂപ നൽകിയ സംഭവത്തിൽ കോൺഗ്രസ് നേതൃത്വം നിയോഗിച്ച അന്വേഷണ കമീഷെൻറ തെളിവെടുപ്പ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആരംഭിക്കും. എറണാകുളം ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസിനാണ് അന്വേഷണച്ചുമതല.
പ്രതിപക്ഷ കൗൺസിലർമാർ നൽകിയ കവറുകളിൽ പരാതിയായിരുന്നു എന്നാണ് നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ ആദ്യം പറഞ്ഞത്. എന്നാൽ, കൗൺസിലർമാർക്ക് പണമാണ് നൽകിയതെന്ന് വ്യക്തമാക്കി കോൺഗ്രസ് കൗൺസിലർ വി.ഡി. സുരേഷ് രംഗത്തെത്തിയതോടെ കോൺഗ്രസ് പ്രതിസന്ധിയിലായി. തുടർന്ന് നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും ഒരു കൗൺസിലറും തമ്മിെല ഫോൺ സംഭാഷണവും പുറത്തുവന്നു.
ഇതോടെ കടുത്ത സമ്മർദത്തിലായ സാഹചര്യത്തിലാണ് ഡി.സി.സി നേരിട്ട് അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയത്. അതേസമയം, കമീഷൻ രൂപവത്കരിച്ച വിവരം ഔദ്യോഗികമായി ആരുംതന്നെ അറിയിച്ചിട്ടില്ലെന്നും വാർത്താമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും സുരേഷ് പറഞ്ഞു.
ആരോപണത്തിൽ ഉറച്ചു നിൽക്കുന്ന സുരേഷ് കമീഷൻ ആവശ്യപ്പെട്ടാൽ മൊഴി നൽകുമെന്നും മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, കുറ്റം തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്ന് പി.ടി. തോമസ് എം.എൽ.എ ആവർത്തിച്ചു.
തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ ബി.ജെ.പിയിലും പൊട്ടിത്തെറി. പാർട്ടി പ്രതിഷേധ സമരങ്ങളൊന്നും നടത്താത്തത് ചോദ്യം ചെയ്തതിന് മണ്ഡലം പ്രസിഡൻറ് ബി.ജെ.പി ജില്ല ഭാരവാഹിയെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കി. ഫോൺ സംഭാഷണം പുറത്തായതോടെയാണ് ബി.ജെ.പിയും വെട്ടിലായത്. വീട്ടിൽ കയറി മർദിക്കും എന്നതടക്കം ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
ജില്ല ഐ.ടി സെല്‍ കോഓഡിനേറ്റര്‍ ആര്. രാജേഷിനെ ബി.ജെ.പി തൃക്കാക്കര മണ്ഡലം പ്രസിഡൻറ് എ.ആര്. രാജേഷ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. നഗരസഭ ഭരിക്കുന്ന യു.ഡി.എഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിയുമായിരുന്ന വിഷയത്തിൽ ഒരു പ്രതിഷേധവും സംഘടിപ്പിച്ചില്ലെന്ന് അണികൾക്കിടയിൽ പരാതി ഉയർന്നിരുന്നു. പാർട്ടി പ്രവർത്തകർ ഉൾക്കൊള്ളുന്ന ഗ്രൂപ്പിൽ ഇതുസംബന്ധിച്ച് ആർ. രാജേഷ് പോസ്റ്റ് ചെയ്തിരുന്നു.
ഇേതതുടർന്നാണ് മണ്ഡലം പ്രസിഡൻറ് എ.ആർ. രാജേഷ് ഫോണിൽ ഭീഷണി മുഴക്കിയത്. തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ കാര്യങ്ങൾ താൻ നോക്കിക്കോളാം എന്ന് പറഞ്ഞ എ.ആർ. രാജേഷ് ഇനിയും പോസ്റ്റ് ഇടുന്നതുപോലുള്ള കാര്യങ്ങൾ തുടർന്നാൽ വീട്ടിൽ കയറി തല്ലും എന്ന് മുന്നറിയിപ്പ് നൽകുന്നതുമാണ് ശബ്ദരേഖ. മണ്ഡലം പ്രസിഡൻറിനെതിരെ ആരോപണവും ഐ.ടി സെൽ കോഓഡിനേറ്റർ ഉന്നയിക്കുന്നുണ്ട്.
ആരോപണവിധേയയായ തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പന് ഐക്യദാർഢ്യവുമായി പോസ്റ്ററുകൾ. അംബേദ്കർ സാംസ്കാരിക സമിതിയുടെ പേരിലാണ് നഗരസഭയിൽ പലയിടത്തും പോസ്റ്ററുകൾ പതിച്ചത്. ഇല്ലാത്ത ആരോപണമാണിതെന്നും പട്ടിക വിഭാഗക്കാർക്കെതിരെ നടക്കുന്ന അവഹേളനമാണെന്നും പോസ്റ്ററിൽ പറയുന്നു. ദലിത് വിഭാഗത്തിൽനിന്ന് ഉയർന്നുവന്നവരെ അധികാരത്തിൽ നിന്ന് തുടച്ചുമാറ്റാനുള്ള ഇടത്, വലത് നീക്കമാണിതെന്നും വംശീയ അധിക്ഷേപമാണെന്നും ഇതിനെതിരെ അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.