കാക്കനാട്: തൃക്കാക്കര നഗരസഭ സ്പോർട്സ് കൗൺസിൽ പിടിച്ചടക്കി എൽ.ഡി.എഫ്. സമയപരിധി കഴിഞ്ഞിട്ടും യു.ഡി.എഫ് കൗൺസിലർമാർ നാമനിർദേശം നൽകാതെ വന്നതോടെയാണ് ആകെയുള്ള അഞ്ച് സീറ്റിലും പ്രതിപക്ഷത്തിന് ഏകപക്ഷീയമായ വിജയം ലഭിച്ചത്.
ജനപ്രതിനിധികളെയും വിവിധ ക്ലബുകളുടെ പ്രതിനിധികളെയും ചേർത്താണ് തദ്ദേശ സ്ഥാപനങ്ങളിൽ സ്പോർട്സ് കൗൺസിൽ രൂപവത്കരിക്കുന്നത്. കൗൺസിലിലേക്ക് മത്സരിക്കാൻ താല്പര്യമുള്ളവർക്ക് ഏപ്രിൽ 15 മുതൽ ഈ മാസം നാലിന് ഉച്ചക്ക് രണ്ടുവരെയായിരുന്നു നാമനിർദേശം നൽകാൻ സൗകര്യമൊരുക്കിയിരുന്നത്. അജുന ഹാഷിം, റസിയ നിഷാദ്, കെ.എക്സ്. സൈമൺ, ഉഷ പ്രവീൺ, പി.സി. മനൂപ് എന്നിവരടങ്ങിയ എൽ.ഡി.എഫ് പാനൽ ബുധനാഴ്ച ഉച്ചക്ക് ഒരുമണിക്കാണ് വരണാധികാരിയായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മുമ്പാകെ നാമനിർദേശം നൽകിയത്. രണ്ടുമണിക്ക് ശേഷമാണ് യു.ഡി.എഫ് കൗൺസിലർമാരായ സുനീറ ഫിറോസ്, രജനി ജീജൻ, അബ്ദു ഷാന എന്നിവർ നോമിനേഷനുകളുമായി എത്തിയത്. എന്നാൽ, സമയപരിധി അവസാനിച്ചതിനാൽ ഇവ അസാധുവാകുകയായിരുന്നു.
സ്ത്രീ, പട്ടികജാതി, ജനറൽ വിഭാഗങ്ങളിൽ ആകെ ലഭിച്ച നാമനിർദേശത്തിൽനിന്ന് ഓരോ വിഭാഗത്തിലും കൂടുതൽ വോട്ടുകൾ നേടിയവരെയാണ് സ്പോർട്സ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കുന്നത്.
എന്നാൽ, എതിരാളികളില്ലാതെ വന്നതിനാൽ കൗൺസിൽ എൽ.ഡി.എഫിന് ലഭിക്കുകയായിരുന്നു. അതേസമയം ദീർഘനാളായി തുടരുന്ന പടലപ്പിണക്കങ്ങളും ഗ്രൂപ്പ് ഏറ്റുമുട്ടലുകളുമാണ് കൃത്യസമയത്ത് നാമനിർദേശം നൽകുന്നതിൽ പരാജയപ്പെട്ട യു.ഡി.എഫിന്‍റെ തോൽവിക്ക് കാരണമെന്ന് ആരോപണമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.