കാക്കനാട്: തൃക്കാക്കര ഈസ്റ്റ് മണ്ഡലത്തിൽനിന്നായിരുന്നു വ്യാഴാഴ്ച യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്റെ പര്യടനം ആരംഭിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പര്യടനം ഉദ്ഘാടനം ചെയ്തു.
എം.പിമാരായ ഹൈബി ഈഡൻ, രമ്യ ഹരിദാസ്, ബെന്നി ബഹനാൻ എന്നിവർ സന്നിഹിതരായി. നിലംപതിഞ്ഞിമുകളിൽ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു വോട്ടഭ്യർഥന. പിന്നീട് മേത്തർ വില്ലയിലെത്തി കണ്ണങ്കേരി കോളനിയിലും പ്രചാരണം നടത്തി. സമീപത്തെ ഫ്ലാറ്റുകളിലും കയറി വോട്ട് ചോദിച്ചു.
ഉമക്കൊപ്പം ഹൈബി ഈഡൻ എം.പിയും ഉണ്ടായിരുന്നു. മനയ്ക്കകടവിൽനിന്ന് ആരംഭിച്ച പര്യടനം ഇടച്ചിറ ജങ്ഷൻ, ഇൻഫോ പാർക്ക്, കുഴിക്കാട്ടുമൂല, നിലംപതിഞ്ഞിമുകൾ, കണ്ണങ്കേരി, തൂതിയൂർ, സുരഭി നഗർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രാത്രി വൈകി കാക്കനാട് ജങ്ഷനിൽ സമാപിച്ചു. ഓരോ സ്വീകരണ പോയന്റിലും ആവേശം നിറഞ്ഞ ജനപങ്കാളിത്തമാണ് സ്ഥാനാർഥിക്ക് അഭിവാദ്യം അർപ്പിക്കാൻ ഉണ്ടായിരുന്നത്. ഇടച്ചിറ ജങ്ഷനിൽ കെ.പി.എ. മജീദ് എം.എൽ.എ സ്ഥാനാർഥി പര്യടനത്തിൽ അഭിവാദ്യം അർപ്പിച്ച് എത്തിയത് യു.ഡി.എഫ് പ്രവർത്തകർക്ക് ആവേശം പകർന്നു. കണ്ണങ്കേരി കോളനിയിൽ ടി.വി. ഇബ്രാഹീം എം.എൽ.എയും പ്രചാരണത്തിൽ സജീവമായിരുന്നു.
കാക്കനാട്: വ്യാഴാഴ്ച ചളിക്കവട്ടം കൃഷ്ണപിള്ള ജങ്ഷനില്‍നിന്ന് ആരംഭിച്ച എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റെ പൊതുപര്യടനം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്. പതിവുപോലെ പച്ചക്കറികളും പഴവർഗങ്ങളുമായി നിരവധി കുട്ടികളും മുതിർന്നവരും സ്ഥാനാർഥിയെ കാത്തുനിന്നു.
മണ്ണാറക്കര ജങ്ഷന്, കുമ്പളപ്പിള്ളി ജങ്ഷന്, ധന്യ ജങ്ഷന്, തൃക്കോവില്‍ ജങ്ഷന്, വടക്കിനേടത്ത് പള്ളി, വെണ്ണല ഹൈസ്കൂള്‍ ജങ്ഷന്, ചാണേപ്പമ്പ്, കൊറ്റങ്കാവ്, ശാന്തി നഗര്‍, കണിയാവേലി തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു പ്രചാരണം. മന്ത്രി വി. ശിവൻകുട്ടി, പന്ന്യൻ രവീന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ വിവിധ കേന്ദ്രങ്ങളിലെത്തി ഡോ. ജോ ജോസഫിന് അഭിവാദ്യമർപ്പിച്ചു.
ചലച്ചിത്ര നടൻ ഇർഷാദ് പര്യടന വാഹനത്തിൽ ഡോ. ജോ ജോസഫിനൊപ്പം വൈറ്റില നിവാസികളെ കണ്ട് പിന്തുണ ഉറപ്പിച്ചു. രാത്രി പാലച്ചുവട് നടന്ന ജനപ്രതിനിധികളുടെ ഫുട്ബാൾ മത്സരത്തിലും വിവിധ കുടുംബ യോഗങ്ങളിലും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.