കാക്കനാട്: തൃക്കാക്കര നോർത്ത് ഭാഗങ്ങളിലെ പര്യടനത്തോടെയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന്റെ വ്യാഴാഴ്ചത്തെ പ്രചാരണം ആരംഭിച്ചത്. രാവിലെ സി.എം.ഐ സഭ ആസ്ഥാനം സന്ദർശിച്ച സ്ഥാനാർഥി ഫാ. തോമസ്, ഫാ. പോൾസൺ എന്നിവർക്കൊപ്പമാണ് പ്രഭാതഭക്ഷണം കഴിച്ചത്. പിന്നീട് മുതിർന്ന മാധ്യമപ്രവർത്തകൻ വി.പി. രാമചന്ദ്രന് അന്തിമോപചാരം അർപ്പിച്ചു.
തുടർന്ന് കൊല്ലംകുടിമുകളിൽ പ്രചാരണത്തിൽ ഏർപ്പെട്ടു. അതിനിടെ ആറാംക്ലാസുകാരനായ ഫസലുദ്ദീൻ അലങ്കാര മത്സ്യമായ ബ്ലാക്ക് മോറയെ സ്ഥാനാർഥിക്ക് സമ്മാനിച്ചത് കൗതുകമായി.പിന്നീട് മുണ്ടംപാലം ജങ്ഷനിൽ കെ.എം.ഇ.എ ആർട്സ് കോളജിലെ വിദ്യാർഥിനികളുമായി സൗഹൃദസംഭാഷണം. മുണ്ടംപാലം ക്രിസ്റ്റൽവില്ലയും സന്ദർശിച്ച് വോട്ട് അഭ്യർഥന നടത്തി.
തുടർന്ന് ഹെഡ്ലോഡ് വർക്കേഴ്സ് യൂനിയൻ ഓഫിസ് സന്ദർശിച്ച് തൊഴിലാളികളുമായി ആശയവിനിമയം നടത്തി. തുടർന്ന് എസ്.എച്ച് സെമിനാരി, വിജോ ഭവൻ സെമിനാരി, സി.എസ്.ടി ബ്രദേഴ്സ് പ്രൊവിൻഷ്യൽ ഹൗസ്, ദയ ഭവൻ കോൺവെന്റ്, എൽ.എസ്.ടി കോൺവെന്റ്, ലിറ്റിൽഫ്ലവർ സി.എസ്.ടി കോൺവെന്റ് എന്നിവിടങ്ങളിലും സന്ദർശിച്ചു.
പിന്നീട് തൃക്കാക്കര ഈസ്റ്റ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വോട്ടഭ്യർഥന നടത്തി. കുസുമഗിരി ആശുപത്രി, സൈനിക ആശ്രമം, ഫ്ലാറ്റുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.