കൊച്ചി: പാഴ്വസ്തുവായ കുപ്പികൾകൊണ്ട് തണലൊരുക്കി ഒരുകൂട്ടം യുവാക്കൾ. തൃപ്പൂണിത്തുറ-വൈക്കം റൂട്ടിൽ തറമേക്കാവ് (കിണർ) ബസ് സ്റ്റോപ്പിൽ എത്തിയാൽ ആരും നോക്കിനിന്നുപോകും ഇവരൊരുക്കിയ കാത്തുനിൽപ് കേന്ദ്രം -700 കുടിവെള്ള കുപ്പികളും 16 പേരുടെ മനസ്സും ചേർന്നൊരുക്കിയ വിസ്മയദൃശ്യം. തെക്കുംഭാഗം പാവംകുളങ്ങരയിലെ ബി.എസ്.ബി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളാണിവർ.
കൂട്ടത്തിലെ സിബിയുടെ വിവാഹം അറിയിക്കാൻ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കോവിഡ്കാലത്ത് വിതരണംചെയ്ത കുടിവെള്ള കുപ്പികൾ കൂട്ടിയിട്ടത് കണ്ടിരുന്നു. അതുകണ്ട് മുളപൊട്ടിയ ആശയം എറണാകുളത്തെ അമേയ സിനിമ സെറ്റ് നിർമാണസ്ഥാപനത്തിലെ സുധീറിനോട് പങ്കുവെച്ചപ്പോൾ ഡെമോ ഉണ്ടാക്കിനൽകി.
അന്നത്തെ തൃപ്പൂണിത്തുറ എസ്.ഐ ബിജുവും കൂട്ടരും കട്ടക്ക് പിന്തുണ നൽകിയതോടെ സ്റ്റേഷനിൽ കിടന്ന കുപ്പികൾകൊണ്ട് ബസ് സ്റ്റോപ്പിൽ കാത്തുനിൽപ് കേന്ദ്ര നിർമാണം തുടങ്ങി. ഇരുമ്പ് പൈപ്പുകൾകൊണ്ട് ഫ്രെയിം ഒരുക്കി. വെൽഡിങ്ങും പെയിൻറിങ്ങും എല്ലാം ക്ലബ് അംഗങ്ങൾതന്നെ.
ടങ്കീസ്കൊണ്ട് കുപ്പികൾ കോർത്തു. കാറിെൻറ പാഴ്ടയറുകൾകൊണ്ട് ഇരിപ്പിടവും ഒരുക്കി. മോടികൂട്ടാൻ ചുറ്റും പൂന്തോട്ടവും. കൂട്ടത്തിൽ ഒരു വാർത്തബോർഡും സ്ഥാപിച്ചു. രണ്ടുമാസം മുമ്പ് തൃപ്പൂണിത്തുറ ചെയർപേഴ്സൻ ചന്ദ്രികദേവിയാണ് ബോട്ടിൽ ഹബ് ബസ് സ്റ്റോപ്പ് തുറന്നത്.
14,000 രൂപയോളം െചലവ് വന്നുവെന്ന് ക്ലബ് പ്രസിഡൻറ് ശ്യാം സുരേന്ദ്രൻ, സെക്രട്ടറി രഞ്ജിത്ത് ശശിധരൻ, ട്രഷറർ നിഖിൽ വി. അജയനും പറയുന്നു. റോഡിന് വീതികൂട്ടേണ്ടി വന്നാൽ എടുത്തുമാറ്റി സ്ഥാപിക്കാൻ കഴിയും ബസ് സ്റ്റോപ്പ്. അടുത്തിടെ ചെല്ലാനത്തേക്ക് ഒന്നേമുക്കാൽ ലക്ഷം രൂപയുടെ അവശ്യസാധനങ്ങൾ ക്ലബ് അംഗങ്ങൾ എത്തിച്ചു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ വീടുകളിൽനിന്ന് രണ്ടേമുക്കാൽ ടൺ പേപ്പറും ശേഖരിച്ചു. 38,000 രൂപ അതിലൂടെ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.