കൊല്ലം: ഉളിയക്കോവിൽ കച്ചിക്കട ഭാഗത്ത് വീട്ടുപുരയിടത്തിൽനിന്ന് 33 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. ഉളിയക്കോവിൽ കച്ചിക്കട ശ്രീഭദ്ര നഗർ 198 കണ്ണമത്ത് തെക്കതിൽ വീട്ടിലാണ് പരിശോധന നടത്തിയത്. കഞ്ചാവ് വലിച്ച് അബോധാവസ്ഥയിൽ കിടന്ന വീടിന്റെ ഉടമസ്ഥനെയും സഹായിയെയും കസ്റ്റഡിയിലെടുത്തു.
ഉടമ നവാസ് (52), സഹായി ആണ്ടാമുക്കം ആറ്റുകാൽപുരയിടത്തിൽ സുധീർ (52) എന്നിവരാണ് പിടിയിലായത്. ഒരുമാസം മുമ്പ് ആന്ധ്രയിൽ നിന്ന് പച്ചക്കറി ലോറിയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന കഞ്ചാവാണിതെന്നും ചില്ലറ വിപണയിൽ ഏകദേശം 20 ലക്ഷം രൂപയോളം വിലവരുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലം നഗരത്തിലെ കഞ്ചാവ് മൊത്തവിൽപനക്കാരിൽ പ്രധാനിയാണ് നവാസ്. ഉളിയക്കോവിൽ കച്ചിക്കട ഭാഗത്ത് രാത്രികാലങ്ങളിൽ കായൽതീരങ്ങളിൽ ആൾക്കൂട്ടം എത്താറുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു.
വീടിന്റെ മതിലിനോട് ചേർന്ന് കുഴിയിൽ ചാക്കുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഓല ഉപയോഗിച്ചാണ് കുഴി മറച്ചിരുന്നത്. എക്സൈസ് സംഘത്തിന് സംശയം തോന്നിയതിനെ തുടർന്നാണ് കുഴി പരിശോധിച്ചത്. എക്സൈസ് ഇൻസ്പെക്ടർ ടി. രാജു, അസി. എക്സൈസ് ഇൻസ്പെക്ടർ പി. സന്തോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീവാസ്, ജയകൃഷ്ണൻ, ശ്യാംകുമാർ, ഷിബിൻലാൽ, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീജാകുമാരി, ബിന്ദുലേഖ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.