കൊല്ലം: നാളെ..നാളെ...എന്നുപറഞ്ഞ് വർഷങ്ങൾ പിന്നിട്ടശേഷം കല്ലുപാലം തുറക്കുന്നു. കൊല്ലത്തിന് പുതുവത്സര സമ്മാനമായി 30ന് വൈകീട്ട് കല്ലുപാലം തുറക്കാനാണ് ലക്ഷ്യമിടുന്നത്. വൈകീട്ട് നാലിന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. എം. മുകേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. പാലത്തിന്റെയും സംരക്ഷണ ഭിത്തിയുടെയും അപ്രോച്ച് റോഡിന്റെയും നിർമാണം പൂർത്തിയായി. ടാറിങ് ജോലികൾ തുടങ്ങാനുള്ള തയാറെടുപ്പിലാണ്.
2019ലാണ് പഴയ കല്ലുപാലം പൊളിച്ച് പുതിയത് നിർമിക്കാൻ തുടങ്ങിയത്. അക്ഷരാർഥത്തിൽ പാലം പണി ‘പണി’ ആകുന്ന കാഴ്ചയായിരുന്നു പിന്നീട്. 20 മീറ്ററുള്ള പാലത്തിന്റെ നിർമാണം ഇഴഞ്ഞിഴഞ്ഞ് രണ്ടേമുക്കാൽ കൊല്ലം കൊണ്ട് കോൺക്രീറ്റ് പൂർത്തിയാക്കൽ വരെയാക്കി.
പലതവണ കരാർ നീട്ടി നൽകിയതിനു ശേഷം സർവിസ് റോഡ് ഉൾപ്പെടെ പണികൾ പിന്നെയും ബാക്കികിടക്കവേ പണമില്ലെന്നും ഇനി ജോലി നടക്കണമെങ്കിൽ പണം നൽകണമെന്നും പറഞ്ഞ കരാറുകാരനെ പറഞ്ഞുവിട്ടു. പുതിയ കരാറുകാരന്റെ നേതൃത്വത്തിൽ 70 ദിവസം കൊണ്ടാണ് ജോലികൾ പൂർത്തിയാക്കിയത്.
പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ എം. മുകേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു. 5.25 കോടി രൂപയായിരുന്നു കരാർ തുക. കോവിഡ് കാരണം മുടങ്ങിയ ആദ്യഘട്ട നിർമാണം അതിനുശേഷവും അനിശ്ചിതമായി നീണ്ടതോടെയാണ് കരാറുകാരനെ ഒഴിവാക്കിയത്.
2023 മേയ് വരെയായിരുന്നു പുതിയ കരാർ കാലാവധി. റോഡ് തുറക്കുന്നതോടെ പ്രധാന റോഡിൽനിന്ന് കലക്ടറേറ്റിലേക്കും പള്ളിത്തോട്ടത്തേക്കുമുള്ള യാത്ര സുഗമമാകും. പഴയപാലം പൊളിച്ചു നീക്കിയപ്പോൾ ലഭിച്ച പ്രത്യേകതരം കല്ലുകൾ സംരക്ഷണ ഭിത്തിയുടെ മുകളിലായി പാകുന്ന ജോലികൾ പൂർത്തിയായി. പാലം തുറക്കുന്നതോടെ ലക്ഷ്മിനട ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങളും വ്യാപാരികളും അനുഭവിച്ചുവന്ന ദുരിതങ്ങൾക്ക് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.