അഞ്ചാലുംമൂട്: 105 പേരുടെ മരണത്തിന് ഇടയാക്കിയ പെരുമൺ തീവണ്ടി ദുരന്തം നടന്നിട്ട് ഇന്നേക്ക് 36 വർഷം. 1988 ജൂലൈ എട്ടിനായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഐലൻഡ് എക്സ്പ്രസിന്റെ 12 ബോഗികൾ പെരുമൺ പാലത്തിൽനിന്ന് അഷ്ടമുടി കായലിൽ പതിക്കുകയായിരുന്നു. യാത്രക്കാരും രക്ഷാപ്രവർത്തകരും ഉൾപ്പെടെ 105 പേരാണ് മരിച്ചത്. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 36 വർഷം പിന്നിടുമ്പോഴും അപകടകാരണം അഞ്ജാതമായി തുടരുകയാണ്. പെരുമൺ പാലത്തിന്റെ സമീപം സ്ഥാപിച്ച സ്മൃതിമണ്ഡപത്തിൽ പെരുമൺ ദുരന്ത അനുസ്മരണ കമ്മിറ്റി ചെയർമാൻ ഡോ. കെ.വി. ഷാജിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും അനുസ്മരണ സമ്മേളനം സംഘടിപ്പിക്കാറുണ്ട്. വിവിധ സംഘടനകളും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താറുണ്ട്. പനയം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പെരുമൺ ജങ്കാർ കടവിൽ സ്മൃതിമണ്ഡപം സ്ഥാപിച്ചിരുന്നു. എന്നാൽ, പെരുമൺ -പേഴുംതുരുത്ത്പാലം നിർമിക്കുന്നതിന് വേണ്ടി സ്മൃതി മണ്ഡപം നീക്കം ചെയ്യേണ്ടിവന്നു. അതിനാൽ ഇപ്പോൾ പാലത്തിന് സമീപം താൽക്കാലികമായി നിർമിച്ച മണ്ഡപത്തിലാണ് പുഷ്പാർച്ചന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.