കൊല്ലം: കൈയേറ്റവും മലിനീകരണവും കാരണം ശ്വാസംമുട്ടുന്ന അഷ്ടമുടിക്കായലിന് ആശ്വാസ തീരമൊരുങ്ങുന്നു. അഷ്ടമുടിയിലെ കൈയേറ്റങ്ങളുടെ ഭീകരത വ്യക്തമാക്കുന്ന കണക്ക് കൊല്ലം സബ് കലക്ടർ സമർപ്പിച്ചതിന് പിന്നാലെ ആറ് മാസത്തിനകം കർശന നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടതാണ് പ്രതീക്ഷക്ക് വകനൽകുന്നത്. കൈയേറ്റവും മലിനീകരണവും സംബന്ധിച്ച് കൊല്ലം ബാറിലെ അഡ്വ. ബോറിസ് പോൾ സമർപ്പിച്ച ഹരജിയിൽ വാദംകേട്ടാണ് ഹൈകോടതി ഉത്തരവിട്ടത്.
കായലിൽ വലിയതോതിൽ കൈയേറ്റം കണ്ടെത്തിയതായി കൊല്ലം സബ് കലക്ടർ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നത്. കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലായി അഷ്ടമുടി തീരത്തുള്ള വിവിധ വില്ലേജുകളിൽ കൈയേറ്റം നടത്തിയെന്ന് കണ്ടെത്തിയ 250ഓളം വ്യക്തികളുടെ പട്ടിക സബ് കലക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൈയേറ്റം കണ്ടെത്താനുള്ള സർവേ ചില വില്ലേജുകളിൽ പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും അത്യാധുനിക സർവേ ഉപകരണങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണെന്നും സബ് കലക്ടർ അറിയിച്ചിട്ടുണ്ട്.
ഇതനുസരിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് സീനിയർ സർക്കാർ അഭിഭാഷകൻ കൂടുതൽ സാവകാശം ആവശ്യപ്പെട്ടു. തുടർന്ന്, ആറുമാസത്തിനുള്ളിൽ ലാൻഡ് കൺസർവൻസി നിയമ പ്രകാരം കൈയേറ്റം ഒഴിപ്പിക്കണമെന്ന് സബ് കലക്ടർക്ക് കോടതി നിർദേശം നൽകി.
സബ് കലക്ടറുടെ റിപ്പോർട്ട് ഉത്തരവിന്റെ ഭാഗം ആയിരിക്കും എന്നും നിർദേശമുണ്ട്. ഒഴിപ്പിക്കാൻ സബ് കലക്ടർ നടത്തുന്ന നടപടി സംബന്ധിച്ച് ഓരോ മാസവും ആക്ഷൻ ടേക്കൺ റിപ്പോർട്ട് ഹൈകോടതിയിൽ സമർപ്പിക്കണം.
മലിനീകരണം സംബന്ധിച്ച വിഷയത്തിലും കോടതി ഇടക്കാല ഉത്തരവ് നൽകി. കായലിലേക്ക് മാലിന്യം എത്തുന്നത് കൊല്ലം കോർപറേഷനും പഞ്ചായത്തുകളും തടയണം. നിയമലംഘകർക്കെതിരെ ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പ്രകാരം നിയമനടപടി സ്വീകരിക്കണം. മാലിന്യം കായലിലേക്ക് എത്തുന്നത് തടയാൻ സ്വീകരിക്കുന്ന നടപടി വിശദമാക്കുന്ന റിപ്പോർട്ട് ഓരോ മാസവും ഹൈകോടതിയിൽ സമർപ്പിക്കണം.
ആഗസ്റ്റ് ആറിന് മുമ്പ് റിപ്പോർട്ടുകൾ സമർപ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് എസ്. മനുവും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ കോടതി നടപടി തുടരും. അഭിഭാഷകരായ അജ്മൽ കരുനാഗപ്പള്ളി, ധനുഷ് ചിറ്റൂർ, എം.ആർ. പ്രിയങ്ക ശർമ്മ, എം.ജി. അനന്യ എന്നിവർ ഹരജികക്ഷിക്ക് വേണ്ടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.