ചാത്തന്നൂർ : മയക്കുമരുന്ന് സംഘങ്ങൾ ആക്രമണം തുടരുന്നതിൽ ജനം ഭീതിയിൽ. ചാത്തന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിറക്കര, ഉളിയനാട്, മീനാട് മേഖലയിൽ മയക്കുമരുന്ന് മാഫിയകൾ വിലസുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ മയക്കുമരുന്ന് സംഘങ്ങൾ നിരവധി സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്.
യാതൊരു പ്രകോപനവും കൂടാതെയാണ് ആക്രമണം. പൊലീസ് അന്വേഷണത്തിൽ പരസ്പരം ബന്ധമുള്ള സംഘങ്ങളാണെന്ന് തെളിഞ്ഞിട്ടും രാഷ്ട്രീയ ഇടപെടൽ മൂലം ശക്തമായ ഇടപെടൽ നടത്താൻ കഴിയുന്നില്ല. ചാത്തന്നൂർ സ്റ്റേഷന്റെ മൂക്കിൻ തുമ്പത്താണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മൂന്നുതവണ മയക്കുമരുന്ന് സംഘങ്ങൾ മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്.
സദാചാര പൊലീസ് ചമഞ്ഞു പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിക്കു നേരെയും ഭാവിവരനെയും റോഡുവശത്ത് പരസ്യമായാണ് ജാതിപ്പേര് വിളിച്ചു ആക്രമണം നടത്തിയത്. ചാത്തന്നൂർ ബ്ലോക്കിന് സമീപം യാതൊരു പ്രകോപനവും കൂടാതെ ആക്രമണം നടത്തി. മീനാട് ധർമശാസ്ത ക്ഷേത്രത്തിലെ കമ്മിറ്റി ഭാരവാഹിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച് ഉത്സവം അലങ്കോലമാക്കാൻ ശ്രമിച്ചവർ ജാമ്യത്തിലിറങ്ങി വീണ്ടും കൊലവിളിയുമായി നടക്കുന്നു.
ശക്തമായ പൊലീസ് ഇടപെടലിന്റെ അഭാവം മൂലമാണ് ചാത്തന്നൂർ ചിറക്കര മേഖലയിൽ ലഹരി സംഘങ്ങൾ ആക്രമണം നടത്തുന്നത്. ലഹരിസംഘങ്ങൾ പരസ്യമായി ആയുധങ്ങളുമായി ഏറ്റുമുട്ടുന്നതെന്ന ആക്ഷേപവും നാട്ടുകാർ പറയുന്നുണ്ട്.
ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് മീനാട് ഭാഗത്ത് പ്രദേശവാസികൾ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ആക്രമണം തുടരുമ്പോൾ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.