ചാത്തന്നൂർ: ചാത്തന്നൂരിൽ ഒരിടവേളക്കുശേഷം മയക്കുമരുന്ന് മാഫിയ സംഘങ്ങൾ താവളമാക്കിയതിന്റെ ഭീതിയിൽ ജനം. ഗുണ്ടാ ആക്രമണങ്ങളും കടകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും പതിവായിട്ടും പൊലീസ് നടപടി വൈകുന്നെന്ന പരാതി വ്യാപകമായി. പരാതിപ്പെടുന്നവരെ വഴിയിൽ തടയുകയും വീടുകയറി ആക്രമിക്കുകയുമാണ്. ഇത് സാക്ഷ്യപ്പെടുത്തുന്നതാണ് താഴം ആനന്ദഗിരി സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിനുസമീപം ലഹരിമാഫിയ നാട്ടുകാരെ ആക്രമിച്ചത്. ഇതിലെ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ലഹരിസംഘങ്ങൾ താവളമുറപ്പിച്ച കേന്ദ്രങ്ങളിൽ പോലും റെയ്ഡിന് പൊലീസ് ഇതുവരെയും തയാറായിട്ടില്ല.
ലഹരിമാഫിയസംഘങ്ങൾ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലും വർധിച്ചു. അടുത്തിടെയാണ് ശീമാട്ടി ജങ്ഷനിൽ ലഹരിമാഫിയസംഘങ്ങൾ ഏറ്റുമുട്ടി ഒരാളുടെ കൈപ്പത്തി വെട്ടിമാറ്റിയത്. മയക്കുമരുന്ന് കച്ചവടത്തിലെ കുടിപ്പകയിലാണ് സംഭവം. കഞ്ചാവും രാസലഹരിയും ഉപയോഗിക്കുന്ന യുവാക്കൾ വർധിച്ചതും നാട്ടുകാരെയും വീട്ടുകാരെയും ഭീതിയിലാക്കുന്നു. ലഹരിസംഘങ്ങളുടെ കച്ചവടശൃംഖലയിൽ സ്കൂൾ, കോളജ് വിദ്യാർഥികളും യുവതികളും ഉൾപ്പെടെ കണ്ണികളായതായാണ് വിവരം. വേദനസംഹാരിയായി ഉപയോഗിക്കുന്ന ഗുളികകൾ മുതൽ കഞ്ചാവ്, രാസലഹരി എന്നിവയുടെ വ്യാപാരം പകലും തകൃതിയാണെന്നാണ് പരാതി.
ആൾപ്പാർപ്പില്ലാത്ത വീടുകൾ, പറമ്പുകൾ എന്നിവിടങ്ങളിലാണ് ലഹരിസംഘങ്ങൾ തമ്പടിക്കുന്നത്. ആഡംബരവാഹനങ്ങളും ബൈക്കുകളുമാണ് വിതരണത്തിന് ഉപയോഗിക്കുന്നത്. സംശയം തോന്നാതിരിക്കാൻ പുലർച്ച ആറിനുമുമ്പുള്ള സമയത്താണ് ലഹരി കൈമാറ്റമെന്നും പറയുന്നു. ലഹരി ഉപയോഗിച്ച് ബൈക്കിൽ അമിതവേഗത്തിൽ പായുന്നത് വഴിയാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാക്കുന്നു. ലഹരി ഉപയോഗിച്ച് നടക്കുന്ന സാമൂഹികവിരുദ്ധപ്രവർത്തനങ്ങളും നാട്ടുകാർക്ക് തലവേദനയാണ്. ലഹരിസംഘങ്ങളെ അമർച്ച ചെയ്യാൻ പൊലീസിന്റെയും എക്സൈസിന്റെയും ഇടപെടലുകൾ കാര്യമായില്ലെന്നും പരാതിയുണ്ട്.
കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ നാല് വ്യാപാരസ്ഥാപനങ്ങളിലാണ് സമൂഹവിരുദ്ധർ ആക്രമണം നടത്തിയത്. കഴിഞ്ഞയാഴ്ച ചാത്തന്നൂർ താഴം ചാമവിളക്കുസമീപത്തെ സ്വകാര്യ യു.പി സ്കൂളിനുനേരെയും അതിക്രമം ഉണ്ടായി. ഇതിലെ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ചാത്തന്നൂർ ജങ്ഷനിൽ തമിഴ്നാട്ടുകാർ നടത്തിയിരുന്ന ഹോട്ടലിൽ ഗുണ്ടാപ്പിരിവ് നടത്തിയതും അടുത്തിടെയാണ്. ഇൗ സംഭവത്തിന് കുറച്ചുനാൾമുമ്പ് തൊട്ടടുത്തുള്ള ബേക്കറിയിലും സമാന സംഭവം ഉണ്ടായിരുന്നു. ഇവിടെ ഉടമയെയും ഭാര്യയെയും ആക്രമിക്കുകയായിരുന്നു. ചാത്തന്നൂർ ജങ്ഷന് പടിഞ്ഞാറുള്ള പെട്രോൾ പമ്പിലെ ആക്രമണത്തിൽ ജീവനക്കാരെയും തടസ്സംപിടിക്കാനെത്തിയ ആളിനെയും അക്രമികൾ മർദിച്ചിരുന്നു. രണ്ടുദിവസംമുമ്പ് ചാത്തന്നൂർ ഭൂതനാഥക്ഷേത്രത്തിനുമുന്നിലെ റോഡിൽ സമൂഹവിരുദ്ധർ മാലിന്യവും സമീപത്തുകിടന്ന വാഴക്കുലയുടെ അവശിഷ്ടവും വലിച്ചിട്ടിരുന്നു.
സ്കൂൾ ഓഫിസിനുള്ളിലെ ഫയലുകൾ കൂട്ടിയിട്ട് കത്തിക്കുകയും ക്ലാസ്മുറിയിൽ കടന്ന് അതിക്രമം കാട്ടുകയും ചെയ്തു. അടിക്കടിയുണ്ടാകുന്ന അക്രമം നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പൊലീസ് രാത്രി പട്രോളിങ് കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.