ചാത്തന്നൂർ: ശോച്യാവസ്ഥയിലായ കുമ്മല്ലൂർ പാലം പുതുക്കി പണിയാൻ നടപടിയില്ലാത്തതിൽ തീരാസങ്കടവുമായി ഒരു നാട്. പാലം പുനർനിർമിക്കാതെ കൈവരി പുതുക്കിപണിഞ്ഞ് അറ്റകുറ്റപണികളുമായി പൊതുമരാമത്ത് വകുപ്പ്. ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ചാത്തന്നൂർ-കൊട്ടാരക്കര റോഡിൽ ചാത്തന്നൂർ- ആദിച്ചനല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമായ കുമ്മല്ലൂർ പാലത്തിനാണ് ദുർഗതി.
അഞ്ചുപതിറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ കൈവരികൾ പൂർണമായും തകർന്നതിനെ തുടർന്നാണ് അറ്റകുറ്റപണി നടത്തുന്നത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മുപ്പതോളം അടി ഉയരത്തിൽ കരിങ്കൽ ഭിത്തികളിലാണ് പാലം നിർമിച്ചിരിക്കുന്നത്. അടിഭാഗത്തെ കെട്ടുകൾ ഇളകി മാറി തകർന്ന നിലയിലാണ്. സിമന്റ് പാളികളും ഇളകിവീഴുകയാണ്. സിമന്റ് ഇളകിമാറി ഇതിന്റെ അസ്ഥിവാരക്കല്ലുകൾക്ക് സ്ഥാന ചലനം സംഭവിച്ചിട്ടുണ്ട്. ബീമുകൾ പലതും തകർന്ന് ഇരുമ്പ് കമ്പികൾ പുറത്തുകാണാവുന്ന സ്ഥിതിയാണ്.
പടിഞ്ഞാറ് ഭാഗത്ത് കൈവരിയും പാറക്കെട്ടുമായും ബന്ധവും വിച്ഛേദിക്കപ്പെട്ട് വലിയ വിള്ളൽ രൂപപ്പെട്ടുകഴിഞ്ഞു. ഈ ഭാഗത്ത്പാറ കൊണ്ട് കെട്ടിയ സൈഡ് ഭിത്തി പൂർണമായും തകർന്ന് ആറിലേക്ക് ഇടിഞ്ഞു താഴ്ന്നിരിക്കുകയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിനു വീതി കുറവാണ്, പാലത്തിന്റെ ഇരുവശങ്ങളും കാടു മൂടിയതിനാൽ വാഹനയാത്രികരുടെ കാഴ്ച മറയുന്നതായും പരാതിയുണ്ട്. ഭാരം കൂടിയ വാഹനങ്ങൾക്ക് യാത്ര നിരോധനം ഏർപ്പെടുത്തിയിട്ടുള്ള റോഡിൽ അമിതഭാരവുമായി ടോറസ് ലോറികളുടെയും മറ്റ്
വാഹനങ്ങളുടെയും അമിത വേഗത്തിലുള്ള വരവ് ആശങ്കക്ക് ഇടനൽകുകയാണ്. അപകടങ്ങൾ തലനാരിഴയ്ക്കാണു വഴിമാറുന്നത്. 1973ൽ ടി.കെ. ദിവാകരൻ മന്ത്രിയായിരുന്നപ്പോഴാണ് കുമ്മല്ലൂർ പാലം കമീഷൻ ചെയ്തത്. 2020ലെ ബജറ്റിൽ കുമ്മല്ലൂർ പാലത്തിനും പള്ളിക്കമണ്ണടി പാലത്തിനും കിഫ് ബി ഫണ്ടിൽ നിന്നും 13കോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. അടുത്തിടെ ടെന്റർ നടപടികൾ ഉണ്ടായിയെങ്കിലും ആരും തന്നെ ടെന്റർ എടുക്കാൻ എത്തിയില്ല.ചാത്തന്നൂരിനെ ആദിച്ചനല്ലൂർ പഞ്ചായത്തുമായും അതുവഴി കൊട്ടാരക്കരയുമായും കിഴക്കൻമേഖലയുമായും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.