ചാത്തന്നൂര്‍: ചാത്തന്നൂരിലും പാരിപ്പള്ളിയിലും മോഷണം. ചാത്തന്നൂരില്‍ പൊലീസ് സ്റ്റേഷന് സമീപത്തെ വീട്ടില്‍നിന്ന് മൂന്നരലക്ഷം രൂപയും മൂന്ന് പവനും പാരിപ്പള്ളിയില്‍ വീട് കുത്തിത്തുറന്ന് ഏഴരപവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്. സംഭവത്തില്‍ രണ്ടുപേരെ വൈകീട്ട് ചാത്തന്നൂര്‍ പൊലീസ് പിടികൂടി. തമിഴ്‌നാട് മധുര സ്വദേശി പട്രായി സുരേഷ്, ട്രിച്ചി സ്വദേശി രാജ്കമല്‍ എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ചാത്തന്നൂര്‍ പൊലീസ് സ്റ്റേഷന് സമീപം കനകമന്ദിരത്തില്‍ ശ്യാംരാജിന്റെ (ബാവൂട്ടി) വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. അലമാരയിലുണ്ടായിരുന്ന 3.75 ലക്ഷം രൂപയും മൂന്നു പവന്‍ സ്വര്‍ണവും കവര്‍ന്നു.
ഭാര്യയെ ജോലിസ്ഥലത്ത് കൊണ്ടുവിടാൻ പോയപ്പോഴാണ് മോഷണം. മടങ്ങിയെത്തവെ വീടിനടുത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട രണ്ടുപേരുടെ ഫോട്ടോ ശ്യാംരാജ് എടുത്തിരുന്നു. ഈ ഫോട്ടോ പൊലീസിന് നല്‍കിയത് പ്രതികളെ പിടികൂടാന്‍ വഴിത്തിരിവായി.
ബുധനാഴ്ച രാവിലെ പത്തോടെയാണ് പാരിപ്പള്ളി പാമ്പുറം ചള്ളിച്ചിറ റോഡില്‍ കവിതയുടെ വീടായ ഇന്ദ്രനീലത്തിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്തുകയറി അലമാരകള്‍ കുത്തിപ്പൊളിച്ച് ഏഴരപവന്‍ സ്വര്‍ണം കവര്‍ന്നത്. രണ്ടു വീടുകളിലും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധനകള്‍ നടത്തി.
ഇതിനിടെ മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ഫോട്ടോകള്‍ പാരിപ്പള്ളി എസ്.എച്ച്.ഒ അല്‍ജബ്ബറിന് ലഭിച്ചത്. അടുത്തിടെ ജയിൽ മോചിതനായ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമവാസികളുടേതാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാളുടെ ഭാര്യയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് നിരീക്ഷിച്ച് പുനലൂരിനടുത്ത് പുളിയറയില്‍ മോഷ്ടാക്കള്‍ എത്തിയതായി വിവരം ലഭിച്ചു.
തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മോഷ്ടാക്കള്‍ പിടിയിലായത്. ഇവരില്‍നിന്ന് തൊണ്ടിമുതലുകളും കണ്ടെടുത്തു. ഇവ മോഷണത്തിനിരയായ വീട്ടുകാരെ കാണിച്ച് തിരിച്ചറിയേണ്ടതുണ്ടെന്ന് അസി.കമീഷണര്‍ ബി. ഗോപകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.