കൊല്ലം: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിൽ ‘ഹരിത ഗ്രന്ഥശാല‘കൾ ഒരുക്കാൻ ഹരിതകേരളം മിഷനുമായി കൈകോർക്കാൻ സംസ്ഥാന ലൈബ്രറി കൗൺസിൽ.കൗൺസിലിന്റെ കീഴിലെ സംസ്ഥാനത്തെ 8000 ലൈബ്രറികളും ഗ്രന്ഥശാല പ്രവർത്തകരും ശുചിത്വ കേരളം സുസ്ഥിര കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമാകും. ജില്ലയിലെ 870 ലൈബ്രറികളെ ഇത്തരത്തിൽ ഹരിത ഗ്രന്ഥശാലകളാക്കി മാറ്റുന്നതിനാണ് ഹരിതകേരളം ജില്ല മിഷൻ ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി ഹരിത കേരളം മിഷൻ ജില്ല ടീം അംഗങ്ങളും ലൈബ്രറി കൗൺസിൽ, ഗ്രന്ഥശാല ഭാരവാഹികളും പങ്കെടുത്തുള്ള യോഗങ്ങൾ ആരംഭിച്ചു.
ഹരിത ഗ്രന്ഥശാലയുടെ പ്രവർത്തനത്തിൽ ഹരിത പ്രോട്ടോക്കോൾ നടപ്പാക്കൽ, പ്രദേശിക പ്രവർത്തനങ്ങൾ, ബോധവത്കരണ പ്രവർത്തനങ്ങൾ, ഗ്രന്ഥശാലക്കടുത്തുള്ള പൊതു ഇടങ്ങളുടെ സൗന്ദര്യവത്കരണം, ഗ്രന്ഥശാല പ്രവർത്തകരുടെ വീടുകൾ ഹരിത മാതൃകയാക്കൽ തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാകും പ്രവർത്തനം.
ഗ്രന്ഥശാല പ്രവർത്തകരുടെ വീടുകൾ ആദ്യഘട്ടത്തിൽ മാലിന്യത്തിന്റെ അളവ് കുറച്ചും തരം തിരിക്കൽ, സംസ്കരിക്കൽ, ഹരിതചട്ടം പാലിക്കൽ തുടങ്ങിയവ പാലിച്ച് ശുചിത്വ ഭവനങ്ങളാക്കുന്നതിനും പിന്നീട് പച്ചക്കറി കൃഷി, ജലം-വൈദ്യുതി എന്നിവയുടെ ഉപയോഗം കുറക്കൽ, ഹരിത ഊർജ സാധ്യത പ്രയോജനപ്പെടുത്തൽ തുടങ്ങിയവ മുൻനിർത്തിയാണ് ഹരിത ഗ്രന്ഥശാല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
പ്രവർത്തനങ്ങൾ പൂർണമായും നടപ്പാക്കുന്ന ഗ്രന്ഥശാലകളെ ഹരിതകേരളം മിഷന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വിലയിരുത്തി ഹരിത ഗ്രന്ഥശാല സാക്ഷ്യപത്രം നൽകും. ഇതിന്റെ ഭാഗമായി ഫെബ്രുവരിയിൽ ജില്ലതല പരിശീലനവും മാർച്ചിൽ താലൂക്ക്-ഗ്രന്ഥശാല ശിൽപശാലയും സംഘടിപ്പിക്കും. ഗ്രന്ഥശാലകൾ സംഘടിപ്പിക്കുന്ന ക്ലാസുകൾക്ക് പുറമേ വീട്ടുമുറ്റ ക്ലാസുകളും നടത്തും.
കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ച് ക്ലാസുകൾ വ്യാപിപ്പിക്കും. മാർച്ച് 30നകം സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളെയും ഹരിത ഗ്രന്ഥശാല പദവിയിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് ജില്ലയിലെയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്.
ഹരിതകേരളം മിഷൻ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ 99 ശതമാനം വിദ്യാലയങ്ങളും ഹരിത വിദ്യാലയമായും ജില്ലയിലെ കലാലയങ്ങൾ പൂർണമായും ഹരിത കലാലയമായും പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് ഒന്നുമുതൽ അഞ്ചുവരെ ഇതുമായി ബന്ധപ്പെട്ട തുടർ പരിശോധനകൾ നടത്തുന്നതിനും ഹരിതകേരളം മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.