കടയ്ക്കൽ: ചടയമംഗലം ഉപജില്ല സ്കൂൾ കലോത്സവം ജേതാക്കൾക്ക് നൽകിയ ട്രോഫിയെച്ചൊല്ലി വിവാദം. കടയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടയമംഗലം ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഓവറോൾ നേടിയ സ്കൂളിന് നൽകിയ ട്രോഫിയാണ് ആക്ഷേപത്തിന് വഴി വെച്ചത്. നവംബർ നാല് മുതൽ ഏഴുവരെയായിരുന്നു കലോത്സവം. കലോത്സവം തുടങ്ങിയ ദിവസം മുതൽ ഓവറോൾ നേടുന്ന ടീമിനുള്ള പുരസ്കാരങ്ങൾ സ്കൂളിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിൽ ഏറ്റവും വലിയ ട്രോഫി ഹയർ സെക്കൻഡറി വിഭാഗത്തിൽ ഓവറോൾ നേടുന്ന സ്കൂളിനായിരുന്നു.
എന്നാൽ, സമാപന യോഗം നടന്നുകൊണ്ടിരിക്കെ സംഘാടകരായ കടയ്ക്കൽ സ്കൂളിന് ട്രോഫി ലഭിക്കാൻ ഹയർ സെക്കൻഡറി ലേബൽ മാറ്റി ഹൈസ്കൂൾ എന്നാക്കിയെന്നാണ് ആക്ഷേപം. ഇതേ തുടർന്ന് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയന്റ് നേടി ജേതാക്കളായ കുറ്റിക്കാട് സി.പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പുരസ്കാരം ഏറ്റു വാങ്ങാതെ വിട്ടുനിന്നു.
ഒടുവിൽ സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ഒറ്റക്കെത്തിയാണ് പുരസ്കാരം വാങ്ങിയത്. പുരസ്കാരം വാങ്ങാതിരുന്ന വിദ്യാർഥികൾ നേരത്തേ പ്രദർശിപ്പിച്ച ട്രോഫിയുടെ ചിത്രം കാട്ടി കലോത്സവ വേദിയിൽ പ്രതിഷേധിക്കുകയും ചെയ്തു. ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലുമുള്ള ആകെ മാർക്ക് പരിഗണിച്ചാണ് പുരസ്കാരം നൽകിയതെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം.
അങ്ങനെ നോക്കിയാൽ യു.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള മറ്റൊരു സ്കൂളിനാണ് ഏറ്റവും കൂടുതൽ മാർക്കെന്നും അവരെ അവഗണിച്ചാണ് ഇങ്ങനെയൊരു നടപടി ഉണ്ടായതെന്നുമാണ് മറുപക്ഷത്തിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.