കണ്ണനല്ലൂർ: ഓപറേഷൻ സ്പൈഡറിന്റെ ഭാഗമായി കണ്ണനല്ലൂർ പൊലീസ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ മുപ്പത് ബൈക്കുകൾ പിടികൂടി നിയമനടപടി സ്വീകരിച്ചു. ലൈസൻസില്ലാതെയും മൂന്നുപേർ കയറിയും അമിതവേഗത്തിലും മൊബൈൽ ഉപയോഗിച്ചും മതിയായ രേഖകളില്ലാതെയും ശരിയായ നമ്പർ പ്ലേറ്റ് ഇല്ലാതെയും ഓടിച്ച വാഹനങ്ങളാണ് പിടികൂടിയത്. 120 വാഹനങ്ങളാണ് പരിശോധനക്ക് വിധേയമാക്കിയത്.
സ്കൂളുകളുമായി ബന്ധപ്പെട്ട് കണ്ണനല്ലൂർ, മുട്ടക്കാവ്, പള്ളിമൺ, നല്ലില പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ആറ് ടീമുകളായി പരിശോധന നടത്തിയത്. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള പൂവാലശല്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഓപറേഷൻ സ്പൈഡർ സംഘടിപ്പിച്ചത്. പിടിച്ചെടുത്ത വാഹനങ്ങൾക്കും ഉടമകൾക്കും ഓടിച്ചവർക്കുമെതിരെ കർശന നടപടി ഉണ്ടാകുമെന്നും വരും ദിവസങ്ങളിലും ഓപറേഷൻ സ്പൈഡർ തുടരുമെന്നും കണ്ണനല്ലൂർ എസ്.എച്ച്.ഒ ജയകുമാർ അറിയിച്ചു.
എസ്.ഐമാരായ ഗോപകുമാർ, സന്തോഷ്, എ.എസ്.ഐമാരായ ഹരി സോമൻ, രാജേന്ദ്രൻപിള്ള, എസ്.സി.പി.ഒമാരായ, ഹുസൈൻ, മനാഫ്, അനൂപ്, സജി, പ്രജേഷ്, അനിൽ, നജുമുദ്ദീൻ, റാഫി, വിഷ്ണു, ഷാനവാസ്, ഷിജോ ജോയി, ദിനേശ് എന്നിവരടങ്ങുന്ന സംഘമാണ് ഓപറേഷൻ സ്പൈഡറിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.