കരുനാഗപ്പള്ളി: അമിതമായി മദ്യം നല്കി അബോധാവസ്ഥയിലാക്കിയ ശേഷം ഒമ്പത് പവൻ സ്വര്‍ണം തട്ടിയെടുത്ത് മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടി. തൊടിയൂര്‍ അരമത്തു മഠത്തിലുള്ള ബാറിലെത്തിയ 52 കാരനെ കബളിപ്പിച്ച് സ്വര്‍ണാഭരണം മോഷ്ടിച്ച വള്ളികുന്നം രാജീവ് ഭവനില്‍ രാജീവ് (24) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
പൊലീസ് പറയുന്നത്: തിങ്കളാഴ്ച രാത്രി ഒമ്പതോടെ അരമത്ത്മഠത്തിലുള്ള ബാറില്‍ മദ്യപിക്കാനെത്തിയതാണ് വിളയിൽ വടക്കതിൽ വീട്ടിൽ ഡേവിഡ് ചാക്കോ. പണമെടുക്കുന്നതിനിടെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വർണം അടങ്ങിയ പൊതി പ്രതിയായ രാജീവ് കാണാനിടയായി. തന്ത്രപൂർവ്വം അടുത്തുകൂടിയ ശേഷം ഡേവിഡിന് കൂടുതൽ മദ്യം വാങ്ങാൻ ഡേവിഡിന്റെ പോക്കറ്റില്‍ നിന്ന് പണമെടുക്കാനെന്ന വ്യാജേന 5 പവനോളം വരുന്ന സ്വര്‍ണ മാലയും 4 പവന് വരുന്ന ബ്രേസ്ലെറ്റും അടങ്ങിയ പൊതി മോഷ്ടിച്ചെടുത്ത ശേഷം കടന്നുകളയുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസില്‍ ഡേവിഡ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ നിസാമുദീന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷമീര്‍, ഷാജിമോന്‍, സുരേഷ്, എസ്.സി.പി.ഒ ഹാഷിം, സി.പി.ഒ നൗഫന്ജാന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.