കരുനാഗപ്പള്ളി: നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ ഓഫിസിലെ കരാർ ജീവനക്കാരി നൽകിയ ലൈംഗികപീഡനപരാതിയിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ബി.എൻ.എസ് 77, 77(എ) വകുപ്പുകളാണ് ചുമത്തിയത്. ഒക്ടോബർ 24ന് നല്കിയ പീഡനപരാതിയിൽ തുടര്‍ന്നുള്ള ഓരോ ദിവസങ്ങളിലും ബി.ജെപി, കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ആർ.എസ്.പി, മഹിളാ കോൺഗ്രസ് സംഘടനകളുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു.
പ്രക്ഷോഭം ശക്തമായതിനെ തുടർന്നാണ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജുവിനെതിരെ കേസെടുക്കാൻ പൊലീസ് നിർബന്ധിതമായത്. പരാതിക്കാരിയായ താൽക്കാലിക ജീവനക്കാരിക്കെതിരെ നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നൽകിയ മറ്റൊരു പരാതിയിൽ ഐ.ടി വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
ചെയർമാൻ കാബിനിലേക്ക് വിളിച്ചുവരുത്തി ഭർത്താവിന്റെ ചികിത്സക്ക് പണം വാഗ്ദാനം ചെയ്യുകയും വിനോദയാത്രക്ക് കൂടെവരണമെന്ന് നിർബന്ധിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതി.
വഴങ്ങാതിരുന്നതിനാൽ നിരന്തരമായി ദലിത് യുവതിയായ തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. പാർട്ടിയിലെ ഗ്രൂപ് വൈരത്തിനെ തുടർന്നുണ്ടായ പരാതിയാണ് ഇതിന്റെ പിന്നിൽ എന്ന് നിസ്സാരവത്കരിച്ച് ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് ചെയര്‍മാനെതിരെ കേസെടുത്തിരിക്കുന്നത്.
നഗരസഭയിലെ ഹരിതകർമസേനാംഗങ്ങൾ ഉൾപ്പെടെ വിനോദയാത്രക്ക് പോയപ്പോൾ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പരാതിക്കാരി പ്രചരിപ്പിച്ചെന്ന ആരോപണത്തിലാണ് ഐ.ടി വകുപ്പ് പ്രകാരം കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.