കരുനാഗപ്പള്ളി: വകുപ്പുകൾ തമ്മിലുള്ള ശീതസമരം കാരണം ആശുപത്രി സമുച്ചയനിർമാണം അനന്തമായി നീളുന്നു. ചവറ ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും നിയന്ത്രണത്തിലുള്ള നീണ്ടകര താലൂക്കാശുപത്രിയുടെ 46.43 കോടിയുടെ ബഹുനില കെട്ടിടങ്ങളുടെ നിർമാണമാണ് ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നത്. സംസ്ഥാന ഭവനനിർമാണ ബോർഡിനാണ് നിർമാണച്ചുമതല. സംസ്ഥാന സർക്കാറിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി 2020ൽ പ്രവർത്തനമാരംഭിച്ച പദ്ധതി 2021 ആഗസ്റ്റിൽ പൂർത്തീകരിക്കേണ്ടതായിരുന്നു.
26 കോടി ചെലവഴിച്ച് 7358 സ്ക്വയർ മീറ്റർ വിസ്തീർണമുള്ള ഇരുനില കെട്ടിടം, 485 സ്ക്വയർ മീറ്ററിലെ അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് തുടങ്ങിയവയുടെ നിർമാണമാണ് ആരംഭിച്ചത്. കൂടാതെ 21 കോടിയുടെ അത്യാഹിതവിഭാഗം, പരിശോധനമുറികൾ, 400 പേർക്ക് ഇരിക്കാവുന്ന വിശ്രമമുറി, ലാബുകൾ, ഫാർമസി, 113 കിടക്കകളുള്ള വാർഡ്, 16 കിടക്കകളുള്ള ഐ.സി.യു, നവജാതശിശുക്കൾക്കായി ആറ് കിടക്കകളുള്ള പ്രത്യേക ഐ.സി.യു, ലേബർ റൂം, സ്റ്റാഫ് ക്വാർട്ടേഴ്സ്, മാലിന്യസംസ്കരണ പ്ലാന്റ്, റോഡുകൾ, പാർക്ക് തുടങ്ങിയവ ഉൾപ്പെടുത്തുന്നതാണ് ആതുരാലയസമുച്ചയം. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി ആഗസ്റ്റ് 30ഓടെ ഉദ്ഘാടനം നടത്താൻ കഴിയുമെന്നാണ് ചവറ എം.എൽ.എ ഡോ. സുജിത് വിജയൻപിള്ളയുടെ സബ്മിഷന് മറുപടിയായി മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞത്.
എന്നാൽ, വീടുകളുടെ നിർമാണം മാത്രം അറിയുന്ന ഭവനനിർമാണ ബോർഡിനെ നിർമാണച്ചുമതല ഏൽപിച്ചതും അശാസ്ത്രീയമായ ഷെഡ്യൂളുകളും കാരണമാണ് പണി വൈകുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി പറഞ്ഞു. പൂർത്തീകരണ ഘട്ടത്തിലുള്ള സാനിറ്ററി, ഇലക്ട്രിക്, ഫിറ്റിങ് ഉപകരണങ്ങൾ ഒന്നുംതന്നെ നാളിതുവരെ ആശുപത്രിയിൽ എത്തിയിട്ടില്ല.
എം.ജി.പി.എസിന്റെ പൈപ്പ് ലൈൻ ജോലികൾ, സീലിങ് കേന്ദ്രീകൃത എ.സി സംവിധാനം എന്നിവയുടെ പണിയും ഇഴയുകയാണ്. പണി നടക്കുന്ന ആശുപത്രികെട്ടിടത്തിന് മുന്നിലുള്ള കൂറ്റൻ മരം മുറിച്ചുമാറ്റിയാലേ ആശുപത്രിക്കുള്ളിലെ റോഡിന്റെ പണി സാധ്യമാകൂ. ഇതിനായി വനംവകുപ്പും ആരോഗ്യവകുപ്പും തമ്മിലുള്ള പോര് ഇതുവരെയും തീർന്നിട്ടില്ലെന്ന് നിർമാണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു.
15.6 കോടി നിലവിൽ വർക്ക് കോൺട്രാക്ടർക്കും 30 ലക്ഷം രൂപ ഫയർ ആൻഡ് സേഫ്റ്റി കരാറുകാരനും ഇതിനകം കൊടുത്തതായും ഉദ്യോഗസ്ഥർ പറയുന്നു. പ്രോജക്ട് നടത്തിപ്പ് സംബന്ധിച്ച് ശരിയായ രീതിയിൽ കിഫ്ബിയിൽ ബിൽ എത്താത്തതുകാരണമാണ് ഇലക്ട്രിക് ബില്ലുകൾ വൈകുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.
പണി പല ഘട്ടങ്ങളിലും നിലക്കുകയാണ്. ഫ്ലോറിങ് ഉൾപ്പെടെ പണികൾ അവസാനിച്ചശേഷം വീണ്ടും എം.ഇ.പി വർക്കുകൾക്കായി കുത്തിപ്പൊളിക്കുകയാണ്. മുൻധാരണയും ഏകോപനവുമില്ലാത്ത നിർമാണം വകുപ്പുകൾ തമ്മിലുള്ള കിടമത്സരം കാരണം വീണ്ടും നീളാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.