കരുനാഗപ്പള്ളി: പാർട്ടി ശക്തികേന്ദ്രത്തിൽ നിന്നുതന്നെ സി.പി.എം പ്രവർത്തകരെ അടർത്തിയെടുത്ത സി.പി.െഎ നടപടിയെച്ചൊല്ലി ഇരുപാർട്ടികളും തമ്മിൽ അസ്വാരസ്യം ഉയരുന്നു. കുറേക്കാലമായി അണഞ്ഞുകിടന്ന സി.പി.എം-സി.പി.െഎ വൈര്യം ആളിക്കത്തിക്കാൻ ഇൗ സംഭവം ഇടയാക്കുമെന്നാണ് സൂചന.
കരുനാഗപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ തോൽവിക്ക് പിന്നിൽ സി.പി.എം ആണെന്നാരോപിച്ചാണ് സി.പി.എമ്മിലെതന്നെ പ്രാദേശിക നേതാക്കളുൾപ്പെടെയുള്ള 50 കുടുംബങ്ങൾ കഴിഞ്ഞദിവസം പാർട്ടി വിട്ട് സി.പി.െഎയിൽ ചേർന്നത്. ജില്ലയിലെതന്നെ സി.പി.എം കോട്ടകളിലൊന്നാണ് കുലശേഖരപുരം. സി.പി.എം വിട്ടവരെ സ്വീകരിക്കാൻ തെരഞ്ഞെടുപ്പിൽ തോറ്റ മുൻ എം.എൽ.എ ആർ. രാമചന്ദ്രൻതന്നെ എത്തിയതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ രാമചന്ദ്രനുവേണ്ടി അത്യധ്വാനം ചെയ്ത തങ്ങളെ അവഹേളിക്കുന്ന സമീപനമാണ് ഇതിലൂടെ ഉണ്ടായതെന്നാണ് സി.പി.എമ്മിെൻറ കുറ്റപ്പെടുത്തൽ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിട്ടിരിക്കെയാണ് സി.പി.എം പ്രവർത്തകരെയാകെ അപഹസിക്കുന്ന നടപടി അദ്ദേഹത്തിൽനിന്ന് ഉണ്ടായിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷത്തിന് ഉറച്ച വേരുകളുള്ള കരുനാഗപ്പള്ളിയിൽനിന്ന് കോൺഗ്രസിലെ സി.ആർ. മഹേഷ് മുപ്പതിനായിരത്തോളം വോട്ടിെൻറ മൃഗീയ ഭൂരിപക്ഷത്തിലാണ് രാമചന്ദ്രനെ തോൽപിച്ചത്. മഹേഷിെൻറ വ്യക്തിപ്രഭാവത്തിൽ ജയിച്ചാൽതന്നെ ഇത്രയധികം വോട്ടിെൻറ വ്യത്യാസം ഉണ്ടാകുക അസ്വാഭാവികമെന്നാണ് രാമചന്ദ്രനെ അനുകൂലിക്കുന്നവർ പറയുന്നത്. സി.പി.എമ്മിൽനിന്നുള്ള വോട്ടുചോർച്ച കൊണ്ടുമാത്രമേ ഇങ്ങനെ സംഭവിക്കൂ. സി.പി.എം നേതാക്കളിൽനിന്ന് ആത്മാർഥമായ പ്രവർത്തനം ഉണ്ടാകാത്തതാണ് ദയനീയ തോൽവിക്ക് കാരണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സംസ്ഥാനത്താകെ എൽ.ഡി.എഫ് തരംഗമുണ്ടായിട്ടും കരുനാഗപ്പള്ളിയിൽ തോറ്റതിന് പിന്നിൽ സി.പി.െഎയിൽ നിന്നുതന്നെയുള്ള എതിർപ്പടക്കം കാണമായിട്ടുണ്ടെന്നാണ് സി.പി.എം പറയുന്നത്. ചിലരുടെ സമൂഹമാധ്യമ ഇടപെടലും ദോഷം ചെയ്തു. തങ്ങൾ ആത്മാർഥമായി പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ തോൽവി ഇതിലും ദയനീയമാകുമായിരുന്നുവെന്നും അവർ പറയുന്നു. തെരഞ്ഞെടുപ്പിെൻറ പേരിലാണ് കുലശേഖരപുരത്തുനിന്ന് പ്രവർത്തകർ സി.പി.എം വിട്ടതെന്ന് പറയുന്നുണ്ടെങ്കിലും കരുനാഗപ്പള്ളിയിലെ പാർട്ടി നേതൃത്വത്തോടുള്ള എതിർപ്പാണ് യഥാർഥ കാരണം. പാർട്ടിക്ക് ചേരാത്ത നിലയിലുള്ള ഭൂമാഫിയ പ്രവർത്തനമടക്കം നേതാക്കൾ നടത്തുന്നെന്ന ആക്ഷേപം നേരത്തേതന്നെ അവിടെ നിന്നുയർന്നിരുന്നു. ഇനിയും ആളുകൾ പാർട്ടി വിടാനുള്ള തയാറെടുപ്പിലുമാണ്. സി.പി.എമ്മിൽനിന്ന് വിട്ടശേഷം സി.പി.െഎയിൽ ചേർന്ന പ്രാദേശിക നേതാവിെൻറ നേതൃത്വത്തിലാണ് സി.പി.എമ്മിൽനിന്ന് ആളുകളെ അടർത്തിയെടുക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.