കരുനാഗപ്പള്ളി: മുൻഗണന വിഭാഗം റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുള്ള അനർഹരെ കണ്ടെത്തുന്നതിനുള്ള സിവിൽ സപ്ലൈസ് വകുപ്പിന്റെ പരിശോധനക്ക് കരുനാഗപ്പള്ളി താലൂക്കിൽ തുടക്കമായി.
റേഷനിങ് ഇൻസ്പെക്ടർമാർ വീടുകൾ സന്ദർശിച്ചാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നിരവധി അനർഹമായ മുൻഗണന റേഷൻ കാർഡുകൾ കണ്ടെത്തി പിഴ ചുമത്തുകയും പൊതുവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പിങ്ക്, മഞ്ഞ കളറുകളിൽ ഉള്ള കാർഡ് ഉപയോഗിച്ച് അനർഹമായി കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ വില അരികിലോ ഗ്രാമിന് 40 രൂപ ഗോതമ്പ് കിലോഗ്രാമിന് 29 രൂപ ആട്ട കിലോഗ്രാമിന് 36 രൂപ എന്ന നിരക്കിലാണ് ഈടാക്കുന്നത്. ഇതിനോടകം നാല് ലക്ഷത്തോളം രൂപ പിഴ ഇനത്തിൽ ഈടാക്കി. സർക്കാർ പൊതുമേഖല, സഹകരണ മേഖല ജീവനക്കാർ, ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണം ഉള്ള കോൺക്രീറ്റ് വീടുള്ളവർ, നാല് ചക്ര വാഹനമുള്ളവർ, ആദായനികുതി കൊടുക്കുന്നവർ, ഒരു ഏക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, പ്രതിമാസം 25000 രൂപയിൽ കൂടുതൽ വരുമാനം ഉള്ളവർ എന്നിവർക്ക് മുൻഗണന വിഭാഗം റേഷൻ കാർഡിന് അർഹത ഇല്ലാത്തവരാണ്. കാർഡ് റദ്ദ് ചെയ്യാൻ ഓൺലൈനായും അപേക്ഷ സമർപ്പിക്കാം. താലൂക്കിലെ മുഴുവൻ മുൻഗണന വിഭാഗം കാർഡുകളും പരിശോധിക്കുന്നതാണ് എന്നും അർഹതയില്ലാത്ത മുൻഗണന വിഭാഗം കാർഡുകൾ താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരാക്കി പൊതുവിഭാഗത്തിൽ മാറ്റേണ്ടതാണെന്നും താലൂക്ക് സപ്ലൈ ഓഫീസർ പി.പി. അനിൽകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.