ആ​ദ​ർ​ശ് ആ​ന​ന്ദ്

ട്രെയിനിനുമുന്നിൽ അകപ്പെട്ട വീട്ടമ്മക്ക് പുതുജീവനേകി വിദ്യാർഥി

കരുനാഗപ്പള്ളി: വിദ്യാർഥിയുടെ സാഹസികമായ ഇടപെടലിലൂടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുന്നിൽ അകപ്പെട്ട വീട്ടമ്മക്ക് പുതുജീവൻ ലഭിച്ചു. തഴവ ബി.ജെ.എസ്.എം മഠത്തിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ സയൻസ് വിദ്യാർഥി കുലശേഖരപുരം കുറുങ്ങപ്പള്ളി ചിന്നമ്പിൽ ആനന്ദൻപിള്ള -രാജശ്രീ ദമ്പതികളുടെ മകൻ ആദർശ് ആനന്ദാണ് സ്വന്തം ജീവൻ പണയം വെച്ച് ട്രാക്കിലകപ്പെട്ട വീട്ടമ്മയെ മരണത്തിൽ നിന്ന് രക്ഷിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പതോടെ ബ്ലോക്ക് ഓഫിസ് ജങ്ഷൻ താമരക്കുളം റോഡിൽ കുറുങ്ങപ്പള്ളി പോംസി ജങ്ഷൻ റെയിൽവേ ഗേറ്റിൽ വെച്ചായിരുന്നു സംഭവം. ഇരട്ട സഹോദരന്മാരായ ആദർശ്, ആദിത്യൻ എന്നിവർ സ്കൂളിലേക്ക് പോകും വഴി ട്രെയിൻ പോകുന്നതിനുവേണ്ടി ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു.

ഈ സമയം മെമു കടന്നുപോയ ശേഷം മറ്റ് ട്രെയിൻ ഇല്ലെന്നുള്ള ധാരണയിൽ കൊറ്റമ്പള്ളി കോട്ടയ്ക്കാട്ട് കിഴക്കതിൽ രത്നമ്മ (70) ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ചു. ഇതിനിടെ, തൊട്ടടുത്ത പാളത്തിലൂടെ വരികയായിരുന്ന ട്രെയിനിന് മുന്നിൽ അകപ്പെട്ടുപോയ വീട്ടമ്മയെ വിദ്യാർഥി നിമിഷ നേരം കൊണ്ട് ട്രാക്കിന് പുറത്തേക്ക് വലിച്ചുമാറ്റുകയായിരുന്നു.

ട്രെയിൻ വിദ്യാർഥിയുടെ വസ്ത്രത്തിൽ ഉരസിയാണ് പോയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് വിദ്യാർഥിക്ക് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടെങ്കിലും നാട്ടുകാരുടെ പരിചരണത്തെത്തുടർന്ന് ആശ്വാസമാകുകയും സ്കൂളിലേക്ക് പോകുകയുമായിരുന്നു. സംഭവം അറിഞ്ഞതിനെ തുടർന്ന് സ്കൂൾ മാനേജ്മെൻറും അധ്യാപകരും വിദ്യാർഥിയെ അനുമോദിച്ചു.

ഒരു ട്രെയിൻ കടന്നുപോയതോടെ മറ്റ് ട്രെയിനില്ലെന്ന പ്രതീക്ഷയിലാണ് ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ചതെന്ന് വീട്ടമ്മ പറഞ്ഞു. ട്രെയിനിനു മുന്നിൽ അകപ്പെട്ടത് മാത്രമേ ഓർത്തെടുക്കാൻ കഴിയുന്നുള്ളൂവെന്നും വിദ്യാർഥി സർവശക്തിയുമുപയോഗിച്ച് പിന്നോട്ട് മാറ്റിയതിനാലാണ് അപകടം ഒഴിവായതെന്നും ഇപ്പോഴും സംഭവം ഞെട്ടലോടെ മാത്രമേ ഓർത്തെടുക്കാൻ കഴിയുന്നുള്ളൂവെന്നും വീട്ടമ്മ പറഞ്ഞു.

Tags:    
News Summary - Student saves life of Housewife caught in front of train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.