കരുനാഗപ്പള്ളി: യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അക്രമിസംഘത്തിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ്ചെയ്തു. കരുനാഗപ്പള്ളി കോഴിക്കോട് തോട്ടുകര പടിറ്റതിൽ സജീവ് (38 -സൂപ്പർ സജീവ്) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളി, കോഴിക്കോട്, എസ്.വി മാർക്കറ്റ് പുഷ്പാലയത്തിൽ രാംരാജിനെയാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
രാംരാജിന്റെ ബന്ധുവായ സുമേഷ് ഭാര്യയോടൊപ്പം ബൈക്കിൽ പോയപ്പോൾ അക്രമി സംഘത്തിൽ ഉൾപ്പെട്ട നസീർ ബൈക്കിൽ പുറകെ വന്ന് നിരന്തരം ഹോൺ അടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ രാംരാജ് സുമേഷിന്റെ പക്ഷം ചേർന്ന് സംസാരിച്ചു എന്ന വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്.
തിരുവോണ ദിവസം അതിരാവിലെ സുഹൃത്തിനൊപ്പം റോഡിൽ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്ന രാംരാജിനെ പത്തോളം പേരടങ്ങുന്ന അക്രമി സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കരുനാഗപ്പള്ളി സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ അക്രമി സംഘത്തിൽ ഉൾപ്പെട്ട നാല് പ്രതികളെ ഉടൻ തന്നെ പൊലീസ് പിടികൂടിയിരുന്നു.
ഒന്നാം പ്രതിയായ സജീവ് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. 2011 മുതൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയെല്ലാം തന്നെ അക്രമം, കൊലപാതക ശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, കൈയേറ്റം, അസഭ്യം വിളിക്കുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്. ഇയാൾക്കായുള്ള അന്വേഷണം നടത്തിവരവെ പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജു പ്രതിയെ അറസ്റ്റ്ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.