കൊല്ലം: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ കീഴിൽ കൊല്ലം ജങ്ഷന്റെ നവീകരണം പുരോഗമിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിന് തുല്യമായ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും ഇതിന്റെ ഭാഗമായി റെയിൽവേ ഒരുക്കുന്നുണ്ട്. 22,655 ചതുരശ്രമീറ്റർ വിസ്തീർണമുള്ള, നവീകരിച്ച മൂന്ന് നിലകളുള്ള സതേൺ ടെർമിനൽ ഘടന ലോകോത്തര നിലവാരത്തിൽ നിർമിക്കുന്നത് യാത്രക്കാരുടെ സഞ്ചാരത്തിന് വിശാലത നൽകും. 361.18 കോടിയാണ് പുനർനിർമാണത്തിന്റെ ചെലവായി കണക്കാക്കുന്നത്. 2025 ഓടെ നിർമാണം പൂർത്തിയാകുമെന്നാണ് റെയിൽവേ അവകാശപ്പെടുന്നത്.
പാതയുടെ ശരിയായ നിർമാണത്തിനായി നിലവിലുള്ള കെട്ടിടം പൊളിക്കുന്നത് ഘട്ടംഘട്ടമായാണ് നടപ്പിലാക്കുന്നത്. നിലവിലെ കോൺക്രീറ്റ് ബാച്ചിങ് പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കി കമീഷൻ ചെയ്തു.
റെയിൽവേ മജിസ്ട്രേറ്റ് കോടതി, ആർ.എം.എസ്, പാഴ്സൽ ഉൾപ്പെടെ നിലവിലുള്ള 36 ഓഫിസുകളും ക്രൂ കൺട്രോൾ ഓഫിസും താൽക്കാലിക സൗകര്യങ്ങളിലേക്ക് മാറ്റി ലക്ഷ്യസമയത്തിൽ സൗത്ത് ടെർമിനലിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് റെയിൽവേ അറിയിച്ചു. സർവിസ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കി വൈകാതെ അധികൃതർക്കു കൈമാറിയേക്കും. ഇന്റീരിയർ സീലിങ് ജോലികളാണ് നടക്കുന്നത്. കോടതി, ആർ.പി.എഫ് ഓഫിസ്, ഇലക്ട്രിക്കൽ, സിഗ്നലിങ്, കമ്യൂണിക്കേഷൻ വിഭാഗങ്ങൾ എന്നിവയ്ക്കാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഇത് പൂർത്തിയായാലുടൻ കൈമാറും. സൗത്ത് ടെർമിനൽ സെഗ്മെന്റ് - 1 പൈലിങ് ജോലികളും സ്ലാബ് കോൺക്രീറ്റിങ് ജോലികളും പുരോഗമിക്കുകയാണ്. സ്റ്റെയർകേസ്, എസ്കലേറ്റർ ഫൗണ്ടേഷൻ ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. മൾട്ടി ലെവൽ കാർ പാർക്കിങ് അഞ്ച് നിലകളുടെ കോൺക്രീറ്റിങ് പൂത്തിയാക്കി.
ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ അഞ്ച് നിലകളാണുള്ളത്. സബ്സ്റ്റേഷൻ ടെറസ് ഫ്ലോർ സ്ലാബ് കോൺക്രീറ്റിങ് പൂർത്തിയായി, കേബിൾ ട്രെഞ്ച് ജോലികൾ പുരോഗമിക്കുകയാണ്.
വിമാനത്താവള മാതൃകയിൽ ആകാശപ്പാത
വികസന ഭാഗമായി പ്ലാറ്റ്ഫോമുകൾക്കു മുകളിലായി 4780 ചതുരശ്രമീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന ആകാശപ്പാതയാണ് ഏറെ വ്യത്യസ്തം. ഫുട്ഓവർ ബ്രിഡ്ജിനു സമാനമായ ആകാശപ്പാതക്ക് ഏകദേശം 36 മീറ്റർ വീതിയുണ്ട്. ഓരോ പ്ലാറ്റ്ഫോമിനെയും ബന്ധിപ്പിക്കുന്ന രീതിയിലാണ് നിർമാണം. യാത്രക്കാർക്ക് ഇരിപ്പിടങ്ങളും ഫുഡ് കോർട്ട് ഉൾപ്പെടെയുള്ള സൗകര്യങ്ങളും പാതക്കിരുവശവുമായി ഒരുക്കുന്നുണ്ട്. നിലവിൽ മൂന്നു പ്ലാറ്റ്ഫോമുകളിലേക്ക് രണ്ടുവീതം എസ്കലേറ്ററുകളും ലിഫ്റ്റുകളുമാണുള്ളത്. എന്നാൽ, അതിനു പകരമായി 14 എസ്കലേറ്ററുകളുണ്ടാകും. 18 ലിഫ്റ്റുകളും ആകാശപ്പാതയിൽനിന്ന് പ്ലാറ്റ്ഫോമിലേക്ക് നിർമിക്കും. ബുക്കിങ്, ബാഗേജ് സ്കാനിങ്, വെയിറ്റിങ് ഹാളുകൾ, ഇൻഫർമേഷൻ സെന്റർ തുടങ്ങിയ സൗകര്യങ്ങളോടൊപ്പം, ഹെൽപ് ലൈൻ ബൂത്തുകൾ, റസ്റ്റാറന്റുകൾ, ആർ.പി.എഫ് ഔട്ട്പോസ്റ്റുകൾ എന്നിവയുണ്ടാകും. ആകാശപ്പാതയുടെ പൈലിങ് പൂർത്തിയാക്കി പില്ലറുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
പ്രതിദിനം ട്രെയിനുകൾ വന്നുപോവുകയും യാത്രക്കാർ എത്തിച്ചേരുകയും ചെയ്യുന്ന കാര്യത്തിൽ കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനിലൊന്നാണ് കൊല്ലം ജങ്ഷൻ. പ്രതിവർഷം ശരാശരി 1.6 കോടിയോളം യാത്രക്കാരാണ് കൊല്ലം റെയിൽവേ ജങ്ഷനുമായി ബന്ധപ്പെടുന്നത്. പ്രതിദിനം ഏകദേശം അമ്പതിനായിരത്തോളം യാത്രക്കാർ കൊല്ലം സ്റ്റേഷനെ ആശ്രയിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.