ഓച്ചിറ: വൃശ്ചികോത്സവത്തോടനുബന്ധിച്ച് പടനിലത്തെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കി. ബജി കടയിൽ നിന്ന് അഴുകിയ കോളിഫ്ലവറും ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യസാധനങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. പൊതുജനാരോഗ്യ നിയമം 2023 പ്രകാരം നിയമ നടപടി സ്വീകരിച്ചതായി ഹെൽത്ത് സൂപ്പർവൈസർ പ്രദീപ് വാര്യത്ത് അറിയിച്ചു.
ഹോട്ടലുകളിലും ശീതള പാനീയ ശാലകളിലും മറ്റ് ഭക്ഷണ വിൽപന സ്റ്റാളുകളിലും ഹെൽത്ത് കാർഡ് ഇല്ലാത്ത നിരവധി തൊഴിലാളികളെ കണ്ടെത്തി.
ഹെൽത്ത് കാർഡ് ഇല്ലാത്ത പാചക തൊഴിലാളികളെയും, ആഹാരം വിളമ്പി കൊടുക്കുന്നവരെയും ജോലിചെയ്യാൻ അനുവദിക്കില്ലെന്ന് ഓച്ചിറ ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. ബിനോയ് ഡി. രാജ് അറിയിച്ചു.
പടനിലത്ത് മിനി ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പ് ഒ.പി വിഭാഗത്തിൽ പ്രതിദിനം നൂറുകണക്കിന് രോഗികൾക്ക് സൗജന്യ മെഡിക്കൽ സേവനം നൽകുന്നുണ്ട്. ക്ഷേത്രത്തിൽ ഭജനം പാർക്കുന്നവർക്കും തീർഥാടകർക്കും പരമാവധി വൈദ്യസഹായം നൽകുകയും റഫറൽ ആവശ്യമുള്ള കേസുകളെ ക്ഷേത്രത്തിലുള്ള 108 ആംബുലൻസിൽ അടുത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നുമുണ്ടെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.
പടനിലത്ത് 600 കുടിലുകളിൽ നിന്നും ചെറുതും വലുതുമായ നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ടൺ കണക്കിന് മാലിന്യമാണ് പുറന്തള്ളുന്നത്. ഓച്ചിറ ഭരണ സമിതി നിയോഗിച്ച 100 ശുചീകരണ തൊഴിലാളികളെ മൂന്ന് ഷിഫ്റ്റ് ആയി നിയോഗിച്ചാണ് മാലിന്യം നീക്കം ചെയ്യുന്നത്. ഇതിലൂടെ പടനിലത്ത് മാലിന്യം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിച്ചെന്ന് ഓച്ചിറ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു .
ജില്ല മെഡിക്കൽ ഓഫിസിൽ നിന്ന് നിയമിച്ച ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.ആർ. മണിലാൽ, പി. ജയകൃഷ്ണൻ, ബേബി കുട്ടി യോഹന്നാൻ, സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ 12 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.