പാരിപ്പള്ളി: ചാത്തന്നൂരും പരിസരത്തും പരിഭ്രാന്തി പരത്തിയ കരടി ജില്ല കടന്നോ ഇല്ലയോ...കഴിഞ്ഞ ദിവസം ജില്ല അതിർത്തിയായ നവായിക്കുളത്ത് കണ്ട കരടി ചാത്തന്നൂരിൽ കണ്ടതുതന്നെയാണെന്നാണ് നിഗമനം. ഒരുമാസത്തോളം ചാത്തന്നൂർ, പാരിപ്പള്ളി, കല്ലുവാതുക്കൽ, ചിറക്കര, വേളമാനൂർ, ഇളമ്പ്രക്കോട് എന്നിവിടങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ച കരടി ജില്ല അതിർത്തി കടന്നുപോയെന്ന നിഗമനത്തിലാണ് നാട്ടുകാർ.
നാവായിക്കുളത്ത് ഒരു വീട്ടിന് മുന്നിലാണ് ഒടുവിൽ കരടിയെ കണ്ടത്. ശബ്ദം കേട്ട് കതകുതുറന്ന വീട്ടമ്മയാണ് കരടിയെ കണ്ടത്. വീട്ടിലേക്ക് വരികയായിരുന്ന മകനോട് ഉച്ചത്തിൽ വിളിച്ചുപറഞ്ഞശേഷം വാതിലടച്ചു. വീട്ടുവളപ്പിലേക്ക് കടക്കുംമുമ്പ് വിവരമറിഞ്ഞതിനാൽ മകൻ കരടിയുടെ മുന്നിൽപെടാതെ രക്ഷപെട്ടു.
കരടിയെ കണ്ടതിന് സമീപത്തായി കണ്ട കാൽപാടുകൾ വനപാലകർ തിരിച്ചറിഞ്ഞിരുന്നു. വനത്തിലേക്ക് തിരികെപ്പോയിരിക്കാമെന്ന് കരുതുന്നുണ്ടെങ്കിലും കരടിയുടെ സാന്നിധ്യം നാട്ടിലില്ലെന്നുറപ്പാക്കാൻ പട്രോളിങ് തുടരാനാണ് വനപാലകരുടെ തീരുമാനം. കരടിയെ കുടുക്കാനായി നേരത്തേ ചാത്തന്നൂർ സ്പിന്നിങ് മിൽ വളപ്പിൽ സ്ഥാപിച്ചിട്ടുള്ള കൂട് ഇപ്പോഴും അവിടെതന്നെ ഇരിക്കുകയാണ്.
ഒരുമാസത്തോളം വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഫയർഫോഴ്സും ചേർന്ന് ചാത്തന്നൂർ, കല്ലുവാതുക്കൽ, പാരിപ്പള്ളി, മീനമ്പലം, പുലിക്കുഴി, വേളമാന്നൂർ, കിഴക്കനേല, കാവടിക്കോണം, പള്ളിക്കൽ, ഇളബ്രക്കോട് എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. നാട്ടുകാർ നൽകുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ കരടി എത്തിച്ചേരാനിടയുള്ള ഭാഗങ്ങളെക്കുറിച്ച് വനപാലകർ അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.