പാരിപ്പള്ളി: നാട്ടുകാരുടെ സമാധാനം നഷ്ടപ്പെടുത്തി നാട്ടിലേെക്കത്തിയ കരടിക്കായി തിരച്ചിൽ തുടരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഫയർഫോഴ്സും ചേർന്ന് ചാത്തന്നൂർ, കല്ലുവാതുക്കൽ, പാരിപ്പള്ളി, മീനമ്പലം, പുലിക്കുഴി, വേളമാന്നൂർ, കിഴക്കനേല, കാവടിക്കോണം, പള്ളിക്കൽ, ഇളബ്രക്കോട് എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കരടിയെ കണ്ടെത്താനില്ല.
ഓരോപ്രദേശത്തും കരടിയെ കണ്ടതായി നാട്ടുകാർ നൽകുന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് അത് എത്തിച്ചേരാനിടയുള്ള ഭാഗങ്ങളെക്കുറിച്ച് വനപാലകർ നിഗമനങ്ങളിലെത്തുന്നത്. വേളമാനൂർ ആയിരവില്ലി പ്രദേശത്ത് പാറക്കൂട്ടങ്ങളും ഇടതൂർന്ന വനപ്രദേശവുമുണ്ട്. ഇവിടെ കരടി തങ്ങാനിടയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
മഴയില്ലാത്ത ദിവസമാണ് കരടിയുടെ കാൽപാടുകൾ ശ്രദ്ധയിൽപെട്ടത്. പിന്നീട് ഇടവിട്ട് മഴ പെയ്യുന്നതിനാൽ കാൽപാടുകൾ കണ്ടെത്താൻ കഴിയാത്തതും തിരച്ചിലിനെ ബാധിക്കുന്നുണ്ട്. അതേസമയം കരടി വനത്തിലേക്ക് തിരികെയെത്തിയിരിക്കാനിടയുണ്ടെന്നും വനപാലകർ കരുതുന്നു.
ലോക്ഡൗൺ കാലമായതിനാൽ ഏതാനും മാസം മുമ്പ് ഇത് നാട്ടിലിറങ്ങിയിരിക്കാമെന്നാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.
സന്ധ്യയോടെ റോഡുകൾ വിജനമാകുന്നതും ആളനക്കം കുറവായതും കരടിക്ക് നാട്ടിലേക്കിറങ്ങാനുള്ള അനുകൂല സാഹചര്യമൊരുക്കിയിട്ടുണ്ടാകാമെന്നാണ് അവരുടെ നിഗമനം.
ഈ സമയം ചക്കയുടെ സീസണായതും ഇത് ഭക്ഷണം തേടിയിറങ്ങാനിടയാക്കിയിട്ടുണ്ട്. വനത്തിലേക്ക് തിരികെപ്പോയിരിക്കാമെന്ന് കരുതുന്നുണ്ടെങ്കിലും കരടിയുടെ സാന്നിധ്യം നാട്ടിലില്ലെന്നുറപ്പാക്കാൻ പട്രാളിങ് തുടരുമെന്ന് വനപാലകർ അറിയിച്ചു. ചാത്തന്നൂർ സ്പിന്നിങ് മിൽ വളപ്പിൽ സ്ഥാപിച്ചിട്ടുള്ള കൂട് അതുകഴിഞ്ഞേ നീക്കംചെയ്യൂ.
പൊലീസും ഫയർഫോഴ്സും വനപാലകരെ തുടർന്നും സഹായിക്കും. ജില്ല ഫയർ ഓഫിസർ ഹരികുമാറിെൻറ നേതൃത്വത്തിലാണ് ഫയർഫോഴ്സ് സംഘം തെരച്ചിലിൽ സഹായിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.