ഉത്സവാഘോഷത്തിനിടെ സംഘർഷം; നാലുപേർ കൂടി പിടിയിൽ

പാരിപ്പള്ളി: ഉത്സവ സ്ഥലത്ത് യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ബന്ധുവായ യുവാവിനെ ആക്രമണത്തിൽനിന്ന് രക്ഷിച്ചയാളെ കുത്തിപരിക്കേൽപ്പിച്ച സംഘത്തിലെ നാലുപേരെ കൂടി പൊലീസ് പിടികൂടി. എഴിപ്പുറം ചരുവിള വീട്ടിൽ ആർ. രാഹുൽ (അപ്പു -24), എഴിപ്പുറം ചിറയിൽ പുത്തൻ വീട്ടിൽ എസ്. സഞ്ജിത്ത് (21), എഴിപ്പുറം മണികണ്ഠ വിലാസത്തിൽ വി. വിവേക് (ഉണ്ണിക്കുട്ടൻ-25), സഹോദരൻ വി. വിപിൻ (കുക്കു-21) എന്നിവരാണ് പിടിയിലായത്. പാരിപ്പള്ളി എഴിപ്പുറം ലക്ഷം വീട് കോളനിയിൽ ചിറയിൽ പുത്തൻ വീട്ടിൽ അജി (33) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിലായ പ്രതികൾ കോട്ടയം കടുത്തുരുത്തിയിലുള്ളതായി ലഭിച്ച രഹസ്യസന്ദേശത്തെ തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു. പാരിപ്പള്ളി എഴിപ്പുറം പുതുവിള പുത്തൻ വീട്ടിൽ ഗിരീഷിനാണ് കുത്തേറ്റത്. ഇയാളുടെ സഹോദരിയുടെ മക്കളും പ്രതികളും തമ്മിൽ ഗുരുനാഗപ്പൻ കാവിലെ ഉത്സവത്തിനിടെ വാക്കേറ്റവും തുടർന്ന് അടികലശലും ഉണ്ടായി. ഇതിൽ ഇടപെട്ട് ഗിരീഷ് യുവാക്കളെ പിടിച്ച് മാറ്റിയിരുന്നു.

ക്ഷേത്രത്തിലെ ഉരുൾ നേർച്ചയുടെ ചുമതലയിലുള്ള ഗിരീഷ് അതുമായി ബന്ധപ്പെട്ട ഒരുക്കം വിജയ നഗറിൽ നടത്തിക്കൊണ്ടിരുന്ന സമയമാണ് ആക്രമിക്കപ്പെട്ടത്. പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബർ, എസ്.ഐ അജിത്ത്, എ.എസ്.ഐമാരായ നന്ദകുമാർ, ബിജു, എസ്.സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Clashes during temple festival; Four more arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.