പാരിപ്പള്ളി: പൊലീസിനുനേരെ കല്ലേറ് നടത്തുകയും ജീപ്പ് തകർക്കുകയും ചെയ്ത നാലുപേരെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പാളയംകുന്ന് മുത്താന അനിൽ നിവാസിൽ ആദർശ് (23), കോവൂർ ആശാരിവിളാകം വീട്ടിൽ പ്രണവ് (23), വേങ്ങോട് സജിൻ നിവാസിൽ സജിൻ (23), കോവൂർ അൻസ് നിവാസിൽ അൻസ് (24) എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 10 പേർക്കെതിരെകൂടി പൊലീസ് കേസെടുത്തു.
ക്രിസ്മസ് തലേന്ന് രാത്രി പതിനൊന്നോടെയാണ് പൊലീസിനുനേരെ കല്ലേറും ജീപ്പ് തകർക്കലുമുണ്ടായത്. പാരിപ്പള്ളി എഴിപ്പുറം എസ്.എൻ.ഡി.പി ശാഖയുടെ ഗുരുമന്ദിരത്തിന്റെ വാർഷികാഘോഷ ചടങ്ങിനിടെയായിരുന്നു സംഭവം. ഗാനമേള നടക്കവെ അറസ്റ്റിലായവരും കൂട്ടാളികളും ചേർന്ന് പ്രശ്നങ്ങളുണ്ടാക്കി. അത് വിലക്കാനെത്തിയ സംഘാടകരുമായി വാക്കേറ്റവും പിന്നീട് സംഘട്ടനവുമായി. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പാരിപ്പള്ളി പൊലീസിനുനേരെ ശക്തമായ കല്ലേറുണ്ടായി. ജീപ്പിന്റെ ഗ്ലാസുകളും മറ്റും തകർത്തു. പാരിപ്പള്ളി ഇൻസ്പെക്ടർ അൽ ജബാറിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. ഇതിനിടെ ചിലർ ഓടി രക്ഷപ്പെട്ടു. സംഘം മദ്യപിച്ചിട്ടാണ് സംഘർഷമുണ്ടാക്കിയതെന്ന് പാരിപ്പള്ളി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.