പാരിപ്പള്ളി: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാർ വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തതിനെതുടർന്ന് സമരത്തിനൊരുങ്ങുന്നു. നാല് മാസമായി ഇവർക്ക് ശമ്പളം ലഭിച്ചിട്ട്. 17 വനിതജീവനക്കാർ അടക്കം 69 സുരക്ഷാജീവനക്കാരാണ് ഇവിടെയുള്ളത്.
വേതനം ലഭിക്കാത്തതിനാൽ ജോലി ബഹിഷ്കരിച്ച് സമരം ആരംഭിക്കുമെന്ന് കാട്ടി അധികൃതർക്ക് ബുധനാഴ്ച നോട്ടീസ് നൽകും. കേരള എക്സ് സർവിസ് മെൻ റിഹാബിലിറ്റേഷൻ കോർപറേഷൻ മുഖേന സുരക്ഷാജോലിക്ക് കയറിയ വിമുക്തഭടന്മാരാണിവർ. ഇവർക്കുള്ള വേതനം സർക്കാർ കോർപറേഷന് നൽകുകയും കോർപറേഷൻ സുരക്ഷജീവനക്കാർക്ക് കൈമാറുകയുമാണ് രീതി. എന്നാൽ കഴിഞ്ഞ നാല് മാസമായി വേതനത്തിനുള്ള തുക സർക്കാർ നൽകാതായതോടെ സുരക്ഷ ജീവനക്കാരുടെ വേതനം മുടങ്ങുകയായിരുന്നു.
വേതനം ലഭിക്കാത്തത് സുരക്ഷാജീവനക്കാരുടെ ജീവിതത്തിന്റെ താളംതെറ്റിക്കുന്നുണ്ട്. മക്കളുടെ പഠനം, ചികിത്സ, വായ്പ തിരിച്ചടവ് ഒക്കെ മുടങ്ങി. നിത്യചെലവ് പോലും പ്രതിസന്ധിയിലാണെന്ന് ചിലർ പറഞ്ഞു. ശ
മ്പളം മുടങ്ങിയത് സംബന്ധിച്ച് പലതവണ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. എല്ലാ മാസവും 10നകം ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ ഒരിക്കലും പാലിക്കപ്പെടാറില്ല. ചിലപ്പോൾ മാസത്തിന്റെ അവസാനയാഴ്ച വരെ കാത്തിരിക്കേണ്ട അവസ്ഥയിൽനിന്നാണ് നാല് മാസമായി ശമ്പളം പൂർണമായും മുടങ്ങിയത്.
2015-16 കാലത്തെ ശമ്പള നിരക്കാണ് ഇപ്പോഴും. ജീവിതച്ചെലവ് ഉൾപ്പെടെ എല്ലാ മേഖലകളിലും വിലവർധന ഉണ്ടായിട്ടും സുരക്ഷാജീവനക്കാർക്കു കാലാനുസൃതമായ ശമ്പളവർധനയുണ്ടായില്ല. ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ വിഭാഗമാണ് മാസങ്ങളായി വേതനം ലഭിക്കാതെ വലയുന്നത്.
ഒ.പിയിൽ മാത്രം മൂവായിരത്തോളം രോഗികൾ എത്തുന്ന ആശുപത്രിയിൽ എഴുപതിലേറെ സുരക്ഷാ ജീവനക്കാരാണുള്ളത്. കേരള എക്സ് സർവിസ് മെൻ വെൽഫെയർ ആൻഡ് റിഹാബിലിറ്റേഷൻ കോർപറേഷന് (കൊക്സ്കോൺ) കീഴിലുള്ളവരാണിവർ. വിമുക്ത ഭടന്മാരുടെ വിധവകളായ 16 വനിതകളും ഉൾപ്പെടുന്ന ജീവനക്കാർ മൂന്ന് ഷിഫ്റ്റുകളിലായാണ് ജോലി ചെയ്യുന്നത്.
ജോലി ബഹിഷ്കരിക്കുമെന്നുകാണിച്ച് നോട്ടീസ് നൽകിയതോടെ രണ്ടുമാസത്തെ വേതനം നൽകി. ഉത്സവബത്ത നൽകുന്നത് രണ്ടുവർഷമായി നിലച്ചിരിക്കുകയാണ്. എഗ്രിമെന്റ് പുതുക്കാത്തതാണ് ഉത്സവബത്ത നൽകാത്തതിന്റെ പ്രധാന കാരണം.
വേതന കുടിശ്ശിക സംബന്ധിച്ച് ഡി.എം.ഒ ഓഫിസിൽ ഉൾപ്പെടെ ഒട്ടേറെ പരാതികൾ നൽകിയെങ്കിലും ആരും പരിഗണിക്കുന്നില്ല. വേതന കുടിശ്ശികയിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്കുനീങ്ങേണ്ടി വരുമെന്നാണ് സുരക്ഷാജീവനക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.