പാരിപ്പള്ളി: വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘങ്ങള്‍ ജില്ലയില്‍ സജീവം. കൊല്ലം-തിരുവനന്തപുരം ദേശീയപാതയില്‍ കഴിഞ്ഞ ദിവസം രാത്രി പാരിപ്പള്ളി മുക്കട പെട്രോള്‍ പമ്പിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍നിന്ന് രണ്ട് ബാറ്ററികള്‍ മോഷണം പോയി.
ചാത്തന്നൂര്‍ സ്വദേശിയായ രാജേഷിന്റെ ടോറസ് ലോറിയില്‍ നിന്നാണ് 14,500 വിലയുള്ള ബാറ്ററികള്‍ മോഷ്ടിച്ചത്. രാവിലെ വണ്ടിയെടുക്കാനെത്തിയ ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ടാകാതെ വരികയും തുടര്‍ന്ന് പരിശോധിക്കുകയും ചെയ്തപ്പോഴാണ് ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഒരു മാസത്തിനിടെ, പതിനഞ്ചിലധികം ബാറ്ററികളാണ് ഇത്തരത്തില്‍ കല്ലമ്പലം-പാരിപ്പള്ളി മേഖലയിലെ വാഹനങ്ങളില്‍ നിന്ന് മോഷണം പോയത്.
രാത്രികാലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍നിന്ന് ബാറ്ററി മോഷണം പതിവാകുകയും ബാറ്ററി മോഷ്ടാക്കളെ പിടികൂടണമെന്ന ആവശ്യം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്നലെ പാരിപ്പള്ളിയില്‍നിന്നും വീണ്ടും ടോറസ് ലോറിയില്‍ നിന്ന് രണ്ട് ബാറ്ററികള്‍ കൂടി മോഷ്ടിച്ചത്. മോഷ്ടാക്കളെ കണ്ടെത്താന്‍ പൊലീസിന്റെ ഊര്‍ജിത ഇടപെടല്‍ ഉണ്ടാകണമെന്നും വാഹനഉടമകള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.