പത്തനാപുരം: ജില്ലയിൽ ഒരാഴ്ചക്കിടയിൽ രണ്ടാം തവണയും അമീബിക് മസ്തിഷ്കജ്വര ബാധ സ്ഥിരീകരിച്ചു. കിഴക്കന്‍ മേഖലയിലാണ് വീണ്ടും രോഗം കണ്ടെത്തിയത്. പത്തനാപുരം, വാഴപ്പാറ സ്വദേശിയായ ആറ് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഒരാഴ്ച മുമ്പ് തലവൂരിൽ തത്തമംഗലം സ്വദേശിയായ 10 വയസ്സുകാരനിൽ രോഗം കണ്ടെത്തിയതിന് പിന്നാലെയാണ് സമീപ പഞ്ചായത്തായ പത്തനാപുരത്ത് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്.
ശക്തമായ പനി ബാധിച്ച കുട്ടിയെ 16നാണ് പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ ആദ്യം എത്തിച്ചത്. സ്ഥിതി ഗുരുതരമാണെന്ന് കണ്ടതോടെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമായിട്ടില്ല. നാട്ടിൽവെച്ച് കെട്ടികിടക്കുന്ന വെള്ളവുമായി കുട്ടി സമ്പർക്കത്തിൽ വന്ന സാഹചര്യമുണ്ടായിട്ടില്ലെന്നാണ് വിവരം. കുട്ടി ആഴ്ചകള്‍ക്ക് മുമ്പ് തിരുവനന്തപുരത്തുംപോയിരുന്നു.
തത്തമംഗലം സ്വദേശിയായ പത്തുവയസ്സുകാരൻ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പനി വിട്ടുമാറാത്ത സ്ഥിതിയാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദഗ്ധ വൈദ്യസഹായം കുട്ടിക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
തത്തമംഗലത്ത് തോട്ടിൽ കെട്ടിക്കിടന്ന വെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയപ്പോൾ മുഖം കഴുകിയതിലൂടെയാണ് കുട്ടിക്ക് അമീബിക് ബാധയുണ്ടായത്. തോട്ടിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് ചണ്ഡീഗഢിൽ നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചു.
വലിയ തോടിന്റെ പരിസരത്തും കുട്ടിയുടെ വീട്ടിലും ജില്ല സർവയലൻസ് ഓഫിസറുടെ നേതൃത്വത്തിൽ ആരോഗ്യ സംഘം സന്ദർശനം നടത്തിയിരുന്നു. തോട്ടിൽ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കി.
മുന്നറിയിപ്പ് വിവരങ്ങൾ രേഖപ്പെടുത്തി തോടിന് സമീപം ബോർഡ് ഉൾപ്പെടെ സ്ഥാപിച്ചു. കൂടാതെ, ആശവർക്കർമാർ വഴി വീടുകളിൽ ക്ലോറിനേഷൻ പ്രവർത്തനങ്ങളും ആരംഭിച്ചു. വാർഡ് തലത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിൽ ബോധവത്കരണവും നടക്കുകയാണ്.
ജാഗ്രത വേണം
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്വമായിയുണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് എന്‍സെഫലൈറ്റിസ്. ജലാശയത്തില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.