പത്തനാപുരം: മാങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഭാഗമായ മണക്കാട്ടുപുഴയിലെ ആരോഗ്യ ഉപകേന്ദ്രം മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മാങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ ജില്ല മെഡിക്കല്‍ ഓഫിസറുമായി നാട്ടുകാര്‍ കൂടിക്കാഴ്ച നടത്തി. നിലവില്‍ പത്തനാപുരം പഞ്ചായത്തിലെ വാഴപ്പാറ വാര്‍ഡും ചിതല്‍വെട്ടി, നടുമുരുപ്പ് വാര്‍ഡുകളുടെ പകുതി ഭാഗം കൂടി ഉള്‍പ്പെടുത്തിയാണ് മണക്കാട്ടുപുഴയില് സബ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ സര്‍ക്കാറിന്റെ പുതിയ നിര്‍ദേശം അനുസരിച്ച് ഒരു സബ് സെന്ററിന്റെ കീഴില്‍ ഒന്നിലധികം വാര്‍ഡുകളെ പൂര്‍ണമായും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇതനുസരിച്ച് വാഴപ്പാറ, നടുമുരുപ്പ് വാര്‍ഡുകളെ ഉള്‍പ്പെടുത്തി വാഴപ്പാറയിലും ചിതല്‍വെട്ടി, പൂങ്കുളഞ്ഞി വാര്‍ഡുകളെ ഉള്‍പ്പെടുത്തി ചിതല്വെട്ടിയിലുമാണ് പുതിയ സെന്റര്‍ പ്രവര്‍ത്തിക്കുക. തുടര്‍ന്നാണ് പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.
വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സബ് സെന്റർ മാറ്റിസ്ഥാപിക്കുന്നതിൽ തദ്ദേശവാസികൾക്കുള്ള പ്രതിഷേധം ബോധ്യപ്പെട്ടുവെന്നും ഇക്കാര്യത്തിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി സ്ഥാപനം നിലനിർത്തുന്നതിനുള്ള നടപടി കൈക്കൊള്ളുമെന്നും ഡി.എം.ഒ ഉറപ്പുനൽകിയതായി പ്രതിഷേധക്കാര്‍ പറയുന്നു.
ജില്ല ഡെപ്യൂട്ടി മെഡിക്കൽ ഓഫിസർ, മാങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ, അബ്ദുൽ റഹ്മാൻ മണക്കാട്ടുപുഴ, വണ്ടിപ്പുര ഇസ്മായിൽ, നവാസ് തേമ്പാവിൻമൂട്ടിൽ, ഷംസുദ്ദീൻ മാങ്കോട്, കെ.പി. രാജു, പി.എ. ഷാജഹാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.