കൊല്ലം: മെഡിക്കൽ കോളജും ജില്ല ആശുപത്രിയും പൂർണമായും കോവിഡ് ചികിത്സക്ക് മാറ്റിയതോടെ നിർധന രോഗികൾക്ക് ചികിത്സെച്ചലവ് ഇരട്ടിച്ചു. അത്യാവശ്യമായ ശസ്ത്രക്രിയയുൾപ്പെടെ ഈ സർക്കാർ ആതുരാലയങ്ങളിൽ ലഭിക്കാതെ വരുന്നതോടെ പലരും സ്വകാര്യ ആശുപത്രികളിലേക്ക് പോകാൻ നിർബന്ധിതാമാവുകയും വൻസാമ്പത്തിക ബാധ്യതയിൽപെടുകയും ചെയ്യുകയാണ്. സ്പെഷലിസ്റ്റ് വിഭാഗങ്ങൾ ഉൾപ്പെടെ അടച്ചിടുന്നത് തുടരുന്നത് ജില്ലയിലെ ആരോഗ്യമേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
ആറുവയസ്സുള്ള കുഞ്ഞിന് അടിയന്തരചികിത്സ വേണ്ടി വന്ന ഘട്ടത്തിൽ നഗരത്തിലെ സ്വകാര്യആശുപത്രിയിൽ അഭയം പ്രാപിക്കേണ്ടി വന്ന തേവള്ളി ഓലയിൽ ഭാഗത്ത് താമസിക്കുന്ന യുവതി ഇൗ ദുരവസ്ഥയുടെ ഇരയാണ്. വയറുവേദനയെ തുടർന്നാണ് ഇവരുടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ജില്ല ആശുപത്രിെയ കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റിയതോടെ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടി വന്നു.
കുട്ടിക്ക് അപ്പൻറിസൈറ്റിസ് ആണെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഡോക്ടർ നിർദേശിച്ചതോടെ പണം കണ്ടെത്താൻ ഓട്ടമായി. ശസ്ത്രക്രിയക്ക് മുന്നോടിയായി 24,000 രൂപ കെട്ടിവെക്കണമെന്നായിരുന്നു ആശുപത്രിയുടെ അധികൃതരുടെ നിർദേശം. താലിമാല പണയം വെക്കേണ്ടിവന്നു ഈ തുക കണ്ടെത്താൻ. തുടർചികിത്സയിൽ കഴിയുന്ന കുട്ടിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ വലിയ തുക ബില്ലായി വരും ഈ തുക കണ്ടെത്താനുള്ള ഓട്ടത്തിലാണിവർ.
സാധാരണക്കാരായ നിരവധി പേരാണ് ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ബദൽമാർഗങ്ങളോ സ്വകാര്യ ആശുപത്രികളിൽ ചികിത്സ ചെലവിൽ ഇളവ് ഉൾപ്പടെ ആനുകൂല്യങ്ങളോ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. കോവിഡ് സമ്പർക്കരോഗികളുടെ എണ്ണം പെരുകുമ്പോൾ സാധാരണക്കാർക്കുള്ള അഭയകേന്ദ്രം ഇല്ലാതാവുകയാണ്. അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയക്കും മറ്റും ബദൽ മാർഗം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.