കൊല്ലം: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളുടെ വരുമാനത്തിൽ കൊല്ലം എട്ടാം സ്ഥാനത്ത്. കഴിഞ്ഞ സാമ്പത്തിക വർഷം 84 കോടിയുടെ വരുമാനമാണ് കൊല്ലം നേടിയത്. 2022-‘23 വർഷം സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ എല്ലാ വിഭാഗം ട്രെയിനുകളും ഉൾപ്പെടുത്തിയുള്ള ടിക്കറ്റ് വരുമാനത്തിന്റെ കണക്കാണ് റെയിൽവേ പ്രസിദ്ധപ്പെടുത്തിയത്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനാണ് ഒന്നാംസ്ഥാനത്ത് - 216 കോടി. എറണാകുളം സൗത്ത് - 213 കോടിയുമായി രണ്ടാം സ്ഥാനത്തുണ്ട്. 147 കോടി രൂപയുടെ വരുമാനവുമായി കോഴിക്കോടിനാണ് മൂന്നാംസ്ഥാനം. തൃശൂർ- 135 കോടി, പാലക്കാട് ജങ്ഷൻ -103 കോടി.
എറണാകുളം നോർത്ത് - 103 കോടി, കണ്ണൂർ - 87 കോടി എന്നിവയാണ് വരുമാനത്തിൽ കൊല്ലത്തിന് മുന്നിലുള്ള മറ്റ് സ്റ്റേഷനുകൾ. ആലുവ - 73 കോടി , കോട്ടയം - 68 കോടി എന്നിങ്ങനെയാണ് ആദ്യ 10 സ്ഥാനങ്ങളിൽ വരുന്ന മറ്റ് സ്റ്റേഷനുകളിലെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം. ഇവയിൽ ടിക്കറ്റ് ഇതര വരുമാനം ഉൾപ്പെടുത്തിയിട്ടില്ല.
അതേസമയം, യാത്രക്കാരുടെ എണ്ണം വർധിക്കുമ്പോഴും കൊല്ലം റെയിൽവേ സ്റ്റേഷനിലെ പരിമിതികൾ തുടരുകയാണ്. പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കി പുതിയതിനുള്ള ജോലികൾ പല ഭാഗങ്ങളിലായി നടക്കുന്നുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്കായി പ്ലാറ്റ്ഫോമുകളുടെ പകുതിയിലേറെ സ്ഥലം ഷീറ്റ് വെച്ച് മറച്ച് തിരിച്ചതോടെ ട്രെയിനുകളിൽ കയറാനും ഇറങ്ങാനും യാത്രക്കാർ പ്രയാസപ്പെടുന്ന സാഹചര്യമാണ്.
ദീർഘദൂര ട്രെയിനുകളിൽ ലഗേജുകളും മറ്റുമായി എത്തുന്നവരുൾപ്പെടെ സുഗമമായി സഞ്ചരിക്കാൻ ബുദ്ധിമുട്ടുന്നു. നിലവിലെ സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്ന പൈലിങ് ജോലികളടക്കം പൂർത്തിയാവാൻ ഏറെ സമയമെടുക്കും. അതുവരെ വീതികുറഞ്ഞ പ്ലാറ്റ്ഫോം യാത്രക്കാർക്ക് അപകടമേഖലയായി മാറും.
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ പ്ലാറ്റ് ഫോമാണ് കൊല്ലത്തേത്. ദിവസേന ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലായി ആകെ 10ൽ താഴെ ഫാനുകൾ മാത്രമാണ് ഇപ്പോഴുമുള്ളത്. ഇവതന്നെ പലപ്പോഴും പ്രവർത്തിപ്പിക്കാറുമില്ല.
നിർമാണ പ്രവർത്തനങ്ങൾ ഒരുവശത്ത് നടക്കുമ്പോൾതന്നെ യാത്രക്കാർക്ക് ആവശ്യമായ സൗകര്യമൊരുക്കുന്നതിലൂടെ സ്റ്റേഷനിലെ വരുമാനത്തിലും വർധന വരുത്താനാവുമെന്ന് റെയിൽവേ വൃത്തങ്ങൾതന്നെ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.