കൊല്ലം: മാലിന്യനിർമാർജനപ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെ കർശന പരിശോധന. പരിശോധന നടത്തി സ്ഥാപനങ്ങൾക്ക് മാർക്കിട്ട് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതാണ് പദ്ധതി. അർധസർക്കാർ, സ്വകാര്യസ്ഥാപനങ്ങൾ, മിഷനുകൾ, അതോറിറ്റികൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ ഈ പരിശോധന നേരേത്ത നടന്നിരുന്നു.
മാലിന്യസംസ്കരണത്തിന് നോഡൽ ഓഫിസർ പ്രവർത്തിക്കുന്നുണ്ടോ, മാലിന്യം നിക്ഷേപിക്കാൻ ബിന്നുകളുണ്ടോ, ബിന്നുകളിൽ നിന്ന് യഥാസമയം മാലിന്യം നീക്കുന്നുണ്ടോ, ജൈവ മാലിന്യം അംഗീകൃത ഏജൻസിക്ക് കൈമാറുന്നുണ്ടോ, സാനിറ്ററി മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനമുണ്ടോ, ടോയ്ലെറ്റുകൾ വൃത്തിയായി സൂക്ഷിക്കുന്നുണ്ടോ, സെപ്റ്റിക് ടാങ്കുണ്ടോ, കൊതുക് പെരുകുന്ന സാഹചര്യമുണ്ടോ, ചടങ്ങുകൾക്ക് ഉപയോഗിക്കുന്നത് പുനരുപയോഗിക്കാവുന്ന വസ്തുക്കളാണോ, മാലിന്യത്തിന്റെ അളവ് കുറക്കാനുള്ള ഇടപെടലുണ്ടോ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഇന്റേണൽ വിജിലൻസ് ഓഫിസർമാരാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്. യുവജനക്ഷേമ ബോർഡ് വളന്റിയർമാർ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തുക. 28 ഘടകങ്ങൾ അടിസ്ഥാനമാക്കി ആകെ 200 മാർക്കിനാണ് പരിശോധന.
മാതൃകാ മാലിന്യസംസ്കരണ സംവിധാനങ്ങൾക്കുപുറമേ തീരെ മോശപ്പെട്ട അവസ്ഥ കാണുകയാണെങ്കിൽ അതിന്റെ ചിത്രവും മാർക്ക് ഷീറ്റിനൊപ്പം നൽകും. മാർക്ക് 50 ശതമാനത്തിൽ താഴെയായാൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് നോട്ടീസും ലഭിക്കും. 31ന് മുമ്പ് പരിശോധനകൾ പൂർത്തിയാക്കി റിപ്പോർട്ട് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.