മുഹമ്മദ് ഷാദർഷ, അരുൺ
കൊല്ലം: വാട്സ് ആപ് കോളിലൂടെ കൊല്ലം സ്വദേശിനിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ മുഖ്യകണ്ണിയെ ബംഗളൂരുവിൽ നിന്ന് കൊല്ലം വെസ്റ്റ് പൊലീസ് പിടികൂടി. തിരുവനന്തപുരം പേട്ട നബീസ മൻസിലിൽ മുഹമ്മദ് ഷാദർഷ(31) ആണ് പിടിയിലായത്. തട്ടിപ്പുസംഘത്തിൽ ഉൾപ്പെട്ട ഇയാളുടെ സുഹൃത്തായ തിരുവനന്തപുരം ചെങ്കൽ സ്വദേശി എസ്.എസ്. അരുൺ (25) ഏതാനും ദിവസം മുമ്പ് പിടിയിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഷാദർഷായെ പിടികൂടാനായത്. ഇതോടെ സംഘത്തിൽ ഉൾപ്പെട്ട ആറ് പേർ അറസ്റ്റിലായി. കൊല്ലം സ്വദേശിനിയെ വാട്സ് ആപിലൂടെ വീഡിയോ കോൾ ചെയ്ത വ്യക്തി മുംബൈ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഡി.സി.പി ആണെന്ന് പരിചയപ്പെടുത്തി.
കള്ളപ്പണം വെളുപ്പിക്കുന്ന സംഘത്തിൽ ഉൾപ്പെട്ട ആളാണെന്ന് സംശയിക്കുന്നതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ നിയമനടപടികൾ ഉണ്ടാകാതിരിക്കാൻ അക്കൗണ്ടിലെ പണം മുഴുവൻ റിസർവ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് പരിശോധനക്ക് വിധേയമാക്കണമെന്നും ഭീഷണിപ്പെടുത്തി. അക്കൗണ്ടിലുണ്ടായിരുന്ന അഞ്ച് ലക്ഷത്തിലധികം രൂപ പ്രതികൾ നിർദേശിച്ച അക്കൗണ്ടിലേക്ക് യുവതി ട്രാൻസ്ഫർ ചെയ്തു. പരിശോധനക്ക് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ പണം തിരികെ നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ലഭിക്കാതായതോടെ പരാതിയുമായി കൊല്ലം വെസ്റ്റ് പൊലീസിനെ സമീപിച്ചു. കൊല്ലം സിറ്റി പൊലീസ് കമിീഷണർ കിരൺ നാരായണന്റെ നിർദേശപ്രകാരം വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലം സ്വദേശിനിയുടെ അക്കൗണ്ടിൽ നിന്നും പണം വെസ്റ്റ് ബംഗാളിലെ അക്കൗണ്ടിലേക്കാണ് പോയതെന്നും അവിടെ നിന്ന് തിരുവനന്തപുരത്തുള്ള രണ്ട് അക്കൗണ്ടുകളിലേക്ക് പണം എത്തിയതായും കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട ചൂരിയോട് വീട്ടിൽ അജിത്ത്(25), തിരുവനന്തപുരം കൊച്ചുവേളി ടൈറ്റാനിയം തെക്കേത്തോപ്പ് വീട്ടിൽ അരുൺലാൽ (21), തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട നെല്ലിക്കകുഴി വാറുതട്ട് പുത്തൻവീട്ടിൽ സുധീഷ്(25), തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട ബി.പി ഭവൻ വീട്ടിൽ ബെഞ്ചമിൻ (25) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസ്.എസ്. അരുൺ, മുഹമ്മദ് ഷാദർഷ എന്നിവരെ പിടികൂടാനായത്. ശൃംഖലയിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കൊല്ലം എ.സി.പി എസ്. ഷെരീഫിന്റെ മേൽനോട്ടത്തിലും കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ഫയാസിന്റെ നേതൃത്വത്തിലും എസ്.ഐമാരായ സരിത, അൻസർഘാൻ, ഹസൻകുഞ്ഞ്, എസ്.സി.പി.ഒ മാരായ ദീപു ദാസ്, രതീഷ്കുമാർ, ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവർ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.