കോട്ടയം: കോട്ടയം-കരിപ്പൂത്തട്ട് റൂട്ടിൽ സർവിസ് നടത്തുന്ന കെ.എം.വി ബസിലെ കണ്ടക്ടറെ കാണുന്നവർ എവിടെയോ കണ്ടിട്ടുണ്ടല്ലോയെന്ന് ചിന്തിക്കുമ്പോഴേക്കും ചെറുചിരിയോടെ അടുത്ത സീറ്റിലെ യാത്രക്കാരന് ടിക്കറ്റ് കൊടുക്കുന്ന തിരക്കിലേക്ക് അദ്ദേഹം മാറും. പിന്നെയും കണ്ണുകൾകൊണ്ട് പിൻതുടർന്നാൽ അദ്ദേഹം സസ്പെൻസ് വെളിപ്പെടുത്തും -ഇത് ജീവിത വേഷം.
നാല് സിനിമകളിലും പത്ത് സീരിയലുകളിലും അഭിനയിച്ച കുമരകം നടുപറമ്പ് ബിജു എബ്രഹാമാണ് ഇരട്ടവേഷത്തിൽ യാത്രക്കാരുടെ കൺമുന്നിലെത്തുന്നത്. 20 വർഷത്തിലധികമായി സ്വകാര്യബസിലെ കണ്ടക്ടറായി ജോലി ചെയ്യുന്ന ബിജു, ബിജു കുമരകം എന്നപേരിലാണ് സീരിയൽ മേഖലയിൽ അറിയപ്പെടുന്നത്. സിനിമയിലൂടെയായിരുന്നു അഭിനയലോകത്തേക്കുള്ള ബിജുവിന്റെ അരങ്ങേറ്റം. 'ശാന്തം' ആയിരുന്നു ആദ്യസിനിമ. ബന്ധുവഴി സംവിധായകൾ ജയരാജിനെ പരിചയപ്പെടുകയും അദ്ദേഹം സിനിമയിൽ അവസരം നൽകുകയുമായിരുന്നു. നായകനായി അഭിനയിച്ച ഐ.എം. വിജയന്റെ കൂട്ടുകാരനായിരുന്നു സിനിമയിൽ ബിജു. ഇതിന്റെ ബലത്തിൽ സുഹൃത്തിന്റെ സഹായത്തോടെ 'ശ്രീപദം' സീരിയലിൽ അവസരം. തുടർന്ന് മാളൂട്ടി, കൂടെവിടെ, ചെമ്പരത്തി, മിസ് ഹിറ്റ്ലർ,തുമ്പപ്പൂ, മനസ്സിനക്കരെ തുടങ്ങി പത്തോളം സീരിയലുകളിൽ വേഷമിട്ടു. അച്ചായൻസ്, പട്ടാഭിരാമൻ, തുടക്കം എന്നീ സിനിമകളിലേക്കും വിളിയെത്തി.
ജീവിതവേഷം ബസ് കണ്ടക്ടറുടേതാണെങ്കിലും സീരിയലുകളിൽ പൊലീസ് വേഷമാണ് ഏറെ തേടിയെത്തിയിരിക്കുന്നതെന്ന് ബിജു പറയുന്നു. ഐ.ജി, എസ്.പി, സി.ഐ എന്നിങ്ങനെ വിവിധ പൊലീസ് വേഷങ്ങൾ. ശരീരപ്രകൃതിയാകും ഇതിന് കാരണം- ചിരിയോടെ ഈ കണ്ടക്ടർ പറയുന്നു.
ചെറുപ്പം മുതൽ അഭിനയമോഹം ഉണ്ടെങ്കിലും സ്കൂൾ നാടകങ്ങളിൽ ഇത് ഒതുങ്ങി. പിന്നീട് ജീവിതം കണ്ടക്ടർ വേഷത്തിലേക്ക് എത്തിച്ചു. ഏറണാകുളം- കോട്ടയം റൂട്ടിലായിരുന്നു കണ്ടക്ടറായിട്ടുള്ള തുടക്കം.
അഭിനയവിവരം പലപ്പോഴും രഹസ്യമാക്കി വെക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. അടുത്തറിയാവുന്നവർക്ക് മാത്രമാണ് ബിജുവിലെ 'നടനെ' പരിചയം. ഇപ്പോൾ മൂന്ന് സിനിമകളിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട് ബിജുവിന്. 'അടുത്ത ഷൂട്ടിങ് ആരംഭിക്കുന്ന സിനിമയിൽ വലിയ പ്രതീക്ഷയാണുള്ളത്. മികച്ച വേഷമാണ് ഇതിലുള്ളത്. സിനിമയിൽ സജീവമാകാനാണ് ഉദേശിക്കുന്നത്'- ബിജു പറയുന്നു.
ഷൂട്ടിങ് ഉള്ളദിവസങ്ങളിൽ അവധിയെടുത്ത് സെറ്റുകളിൽ എത്തുകയാണ് പതിവ്. ബസ് ഉടമ മികച്ച നിലയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിനാലാണ് രണ്ടും ഒരുപോലെ കൊണ്ടുപോകാൻ കഴിയുന്നത്. അഭിനയത്തോളം തന്നെ ആസ്വദിച്ചാണ് കണ്ടക്ടർ ജോലിയും ചെയ്യുന്നത്. രണ്ടും വിട്ടുകളയാൻ താൽപര്യമില്ല-ബിജു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.