കോട്ടയം: സഹകരണസംഘങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങൾ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ആരംഭിച്ചതായി മന്ത്രി വി.എൻ. വാസവൻ. വെളിയന്നൂരിലെ ‘ഇ നാട്’ യുവജനസഹകരണസംഘത്തിന്റെ പഠനഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ നാട് സഹകരണസംഘത്തിന്റെ ഉൽപന്നങ്ങൾ ഗുണനിലവാര പരിശോധന നടത്തി കയറ്റുമതി സാധ്യമാക്കുന്നതിനുള്ള നടപടികൾ സഹകരണവകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ സഹകരണ നിയമഭേദഗതിയിൽ യുവാക്കളെ നേതൃസ്ഥാനത്തേക്കു കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ശൈശവ ദശയിൽ തന്നെ ഇ നാട് യുവജനസഹകരണസംഘത്തിന് 50 ലക്ഷം രൂപയുടെ ലാഭത്തിലെത്താനായെന്നത് ചെറിയ നേട്ടമല്ല. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ എല്ലായിടത്തും സഹകരണസംഘങ്ങൾ തുടങ്ങും.
ചടങ്ങിൽ ഇ നാട് പുറത്തിറക്കിയ ‘ഇനാട്’ സൈലം ബയോമീൽസ് ജൈവവളങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ എന്നിവയുടെ വിപണനോദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന് കൈമാറി മന്ത്രി നിർവഹിച്ചു.
മുഖ്യമന്ത്രിയുടെ 100 ദിനകർമപരിപാടിപാടിയിൽ ഉൾപ്പെടുത്തി 2021 സെപ്റ്റംബർ ആറിന് പ്രവർത്തനമാരംഭിച്ച ഇ നാട് യുവജനസഹകരണസംഘം ഉറവിട മാലിന്യ നിർമാർജന രംഗത്ത് പുതിയ മാതൃക സൃഷ്ടിച്ചാണ് മുന്നേറുന്നത്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിന്റെ സ്റ്റാർട്ടപ്പായ ഫോബ് സൊല്യൂഷൻസുമായി ചേർന്നാണ് മാലിന്യനിർമാർജന രംഗത്ത് വൈവിധ്യപൂർണമായ പദ്ധതികൾ നടപ്പാക്കുന്നത്.
ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വവും പരിശീലനവും നൽകുന്നതിനായാണ് ഇ നാട് ക്യാമ്പസ് പഠന-ഗവേഷണ കേന്ദ്രം ആരംഭിച്ചത്.
അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി മുകേഷ് കെ. മണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, ഇ നാട് സഹകരണ സംഘം പ്രസിഡന്റും വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സജേഷ് ശശി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എം. മാത്യൂ, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.