ഈരാറ്റുപേട്ട: മൂന്നിലവ് മരുതുംപാറയിൽ പ്രവർത്തിക്കുന്ന പാറമടയിൽനിന്ന് പാറപ്പൊടിയും മലിനജലവും കലർന്ന വെള്ളം പമ്പുചെയ്ത് ആറ്റിലേക്ക് ഒഴുക്കുന്നതായി പരാതി.
വെള്ളത്തിന്റെ നിറവ്യത്യാസം കണ്ട് രാത്രി നാട്ടുകാർ നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലും വെള്ളം പാൽനിറത്തിൽ ഒഴുകിയത് ശ്രദ്ധയിൽപെട്ടിരുന്നു. എന്നാലിത് മറ്റൊരു സ്വകാര്യഫാക്ടറിയിൽ നിന്നാണെന്നാണ് ആക്ഷേപമുയർന്നത്.
ഇത് തെറ്റാണെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും ഫാക്ടറി ഉടമതന്നെ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നിലെ ആളുകളെ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെ പ്രദേശവാസികൾ വെള്ളത്തിന്റെ വരവ് പിന്തുടർന്നെത്തിയാണ് മലിനജലമൊഴുക്കുന്നത് കണ്ടെത്തിയത്. മോട്ടോറുകൾ ഉപയോഗിച്ച് പാറമടയിലെ വലിയകുഴിയിൽനിന്ന് വെള്ളം പുറത്തേക്ക് പമ്പ് ചെയ്യുകയായിരുന്നു. ഇത് ഒഴുകി തോട്ടിലേക്കും മീനച്ചിലാറ്റിലുമാണ് എത്തുന്നത്.
ജലനിധി പദ്ധതികളും മറ്റ് കുടിവെള്ളപദ്ധതികളും സ്ഥിതിചെയ്യുന്ന മീനച്ചിലാറിന്റെ കൈവഴിയാണ് മലിനമായത്. രണ്ടാഴ്ചമുമ്പും സമാനമായ രീതിയിൽ വെള്ളത്തിലേക്ക് മലിനജലം ഒഴുക്കിയിരുന്നു.
വിഷയം പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ചാർളി ഐസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.