ഗാന്ധിനഗർ: മെഡിക്കൽ കോളജിലേക്കെത്തുന്ന രോഗികളെയും മറ്റ് യാത്രക്കാരെയും ബസ് സ്റ്റാൻഡിൽ ഇറക്കാതെ ഇടക്ക് ഇറക്കിവിടുന്നതായി പരാതി. എറണാകുളം-യൂനിവേഴ്സിറ്റി-മെഡിക്കൽ കോളജ് വഴി കോട്ടയം പോകുന്ന ചില സ്വകാര്യബസിലെ ജീവനക്കാരാണ് പൊരിവെയിലത്ത് രോഗികൾ ഉൾപ്പെടുന്ന യാത്രക്കാരെ ബസ് സ്റ്റാൻഡിൽ എത്തിക്കാതെ ഇടക്ക് ഇറക്കിവിടുന്നത്. എന്നാൽ, രാവിലെ 10 വരെയുള്ള സർവിസുകൾ സ്റ്റാൻഡിലെത്തി യാത്രക്കാരെ ഇറക്കുന്നുണ്ട്.
10നു ശേഷം എത്തുന്ന ചില ബസ് ജീവനക്കാരാണ് യാത്രക്കാരോട് മോശമായി പെരുമാറുന്നത്. സ്റ്റാൻഡിൽനിന്ന് ഏകദേശം അര കിലോമീറ്റർ അകലെയുള്ള കുരിശുപള്ളി ജങ്ഷനിലാണ് യാത്രക്കാരെ ഇറക്കിവിടുന്നത്. ഇവർക്ക് പിന്നീട് വെയിലത്ത് നടന്നുവേണം ആശുപത്രിയിലെത്താൻ.
ബസ്സ്റ്റാൻഡിൽ അടിപ്പാത നിർമാണം നടക്കുന്നതിനാൽ സ്റ്റാൻഡിലെത്താൻ കഴിയില്ലെന്നാണ് ഇവരുടെ വാദം. എന്നാൽ, ഈ ബസുകൾ തിരികെ എറണാകുളത്ത് വരുമ്പോൾ മെഡിക്കൽ കോളജ് സ്റ്റാൻഡിലെത്തി യാത്രക്കാരെ കയറ്റുകയും ചെയ്യുന്നു. ചില സ്വകാര്യബസ് ജീവനക്കാരുടെ ഈ നടപടിക്കെതിരെ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.