ഗാന്ധിനഗർ: അന്തർ സംസ്ഥാനക്കാർ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി പണവും ഫോണും കവർച്ച ചെയ്യുകയും അവരെ മർദിക്കുകയും ചെയ്ത കേസിൽ അഞ്ച് പേർ അറസ്റ്റിൽ.
കോട്ടയം ചെറിയപള്ളി ഭാഗത്ത് പുരക്കൽ വീട്ടിൽ സാജൻ ചാക്കോ (41), പെരുമ്പായിക്കാട് പള്ളിപ്പുറം ഭാഗത്ത് മങ്ങാട്ടുകാലാ വീട്ടിൽ എം.എസ്. ഹാരിസ് (44), കൊല്ലാട് ബോട്ടുജെട്ടി കവല ഭാഗത്ത് ഏലമല വീട്ടിൽ രതീഷ് കുമാർ (43), തെള്ളകം തെള്ളകശ്ശേരി ഭാഗത്ത് കുടുന്നനാകുഴിയിൽ വീട്ടിൽ സിറിൾ മാത്യു (58), നട്ടാശ്ശേരി പൂത്തേട്ട് ഡിപ്പോ ഭാഗത്ത് കുറത്തിയാട്ട് വീട്ടിൽ എം.കെ. സന്തോഷ് (അപ്പായി-43) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 10 ഓടെ ചൂട്ടുവേലി ഭാഗത്ത് വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന സ്വദേശികളുടെ വീട്ടിൽ അതിക്രമിച്ചു കയറി പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ഇവിടെയുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും മർദ്ദിക്കുകയും വീട്ടില് ഉണ്ടായിരുന്നവരുടെ പണവും ഫോണും വാച്ചും കവർച്ച ചെയ്ത് കടന്നുകളയുകയുമായിരുന്നു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ അഞ്ചു പേരെയും വിവിധ സ്ഥലങ്ങളിൽനിന്നായി പിടികൂടുകയായിരുന്നു.
ഗാന്ധിനഗർ എസ്.എച്ച്.ഒ ശ്രീജിത്ത്, എസ്.ഐമാരായ അനുരാജ് എം.എച്ച്, സത്യൻ എസ്, രാധാകൃഷ്ണൻ, എ.എസ്.ഐ മാരായ സൂരജ് സി, സജി കെ.കെ, സാബു, സി.പി.ഒമാരായ ഷാമോൻ, രഞ്ജിത്ത്, അനൂപ്, സജിത്ത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സാജൻ ചാക്കോക്കെതിരെ മണർകാട്, ചിങ്ങവനം എന്നീ സ്റ്റേഷനിലും ഹാരിസിനെതിരെ ഗാന്ധിനഗർ സ്റ്റേഷനിലും രതീഷ് കുമാറിനെതിരെ ഏറ്റുമാനൂർ, ഗാന്ധിനഗർ, മണർകാട്, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിലും, സിറിൽ മാത്യുവിനെതിരെ ഏറ്റുമാനൂർ, മട്ടന്നൂർ, കണ്ണാപുരം, ചക്കരക്കല്ല്, എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.