പാലാ: ഡിപ്പോയിൽനിന്ന് പത്ത് വർഷമായി മുടങ്ങാതെ സർവിസ് നടത്തി വന്നിരുന്ന ദീർഘദൂര സർവിസായ പാലാ-കൊന്നക്കാടിന് കെ.എസ്.ആർ.ടി.സി ചുവപ്പുകൊടി വീശി. യാത്രക്കാരുടെ തിരക്കുള്ള ക്രിസ്മസ്-പുതുവർഷ സീസണിലാണ് കെ.എസ്.ആർ.ടി.സിയുടെ ഇരുട്ടടി. 24 മുതൽ സർവിസ് അവസാനിപ്പിക്കും. റിസർവേഷൻ ചാർട്ടിൽനിന്ന് ഈ ഷെഡ്യൂൾ ഒഴിവാക്കുകയും ചെയ്തു.
ചീഫ് ഓഫിസിൽനിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡിപ്പോ അധികൃതർ പറയുന്നു. ട്രെയിനിൽ പോലും ടിക്കറ്റ് ലഭ്യമല്ലാത്ത സമയത്താണ് കെ.എസ്.ആർ.ടി.സിയും യാത്രക്കാർക്ക് പണി തരുന്നത്.
അടുത്ത കാലത്തായി അഞ്ച് ദീർഘദൂര സർവിസാണ് ഓരോ കാരണം പറഞ്ഞ് പാലായിൽനിന്ന് നിർത്തലാക്കിയത്. പാലാ-ചെറുപുഴ, പാലാ-മാനന്തവാടി, പാലാ-അമ്പായത്തോട്, പാലാ-പഞ്ചിക്കൽ, പാലാ-പെരിക്കല്ലൂർ എന്നീ ദീർഘദൂര സർവിസുകളാണ് ഇവ. പാലായിൽനിന്നുള്ള ചെയിൻ സർവിസുകളിലും ട്രിപ് മുടക്കം പതിവായി.
ജനപ്രിയ ദ്വീർഘദൂര സർവിസുകൾ നിർത്തലാക്കുമ്പോഴും പാലാ ഡിപ്പോക്കുവേണ്ടി ചോദിക്കാനും പറയാനും ചുമതലപ്പെട്ടവർ ഇല്ലാത്ത സ്ഥിതിയാണെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺ മാന്തോട്ടം പറഞ്ഞു. മുടക്കിയ സർവിസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം മാനേജിങ് ഡയറക്ടർക്ക് പരാതി നൽകി.
സൗത്ത് സോണിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയതിന് നിരവധി തവണ അവാർഡ് വാങ്ങിയ പാലാ ഡിപ്പോ 104 ബസുകളിൽനിന്ന് 70 ബസുകളിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് ഇപ്പോൾ.
അനുവദിച്ച സർവിസുകൾ തുടങ്ങാൻ പോലും താൽപര്യം കാണിക്കുന്നില്ല. മറ്റ് ദീർഘദൂര സർവിസുകൾക്കും ഭീഷണിയുണ്ട്. പഴയ വണ്ടികളുടെ ഡിപ്പോയായി പാലാ മാറി. ഗ്രാമീണ സർവിസുകളും സ്റ്റേ സർവിസുകളും നേരത്തേ നിർത്തലാക്കിയിരുന്നു. മറ്റ് ഡിപ്പോകളിൽനിന്ന് അടുത്തകാലത്ത് പാലാ വഴി ആരംഭിച്ച ദീർഘ സർവിസുകൾ ഭൂരിഭാഗവും സമയ ക്ലിപ്ത പാലിക്കാതെ ഒരേ റൂട്ടിൽ ഒരേസമയം സർവിസ് നടത്തുന്നതും വരുമാനത്തെ ബാധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.