പാലാ നഗരത്തിൽ കൂട്ടംകൂടി കിടക്കുന്ന തെരുവുനായ്ക്കൾ
പാലാ: കാൽനടക്കാരെയും കുട്ടികളെയും ഭീതിയിലാക്കി പാലായിൽ തെരുവുനായ്ക്കളുടെ വിളയാട്ടം. കിഴതടിയൂർ ബൈപാസ്, ഗവ. സ്കൂൾ പരിസരം, ടൗൺ അംഗൻവാടി ഗ്രൗണ്ട്, കട്ടക്കയം റോഡ്, ആളൊഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളിലെല്ലാം തെരുവ് നായ്ക്കൾ വിഹരിക്കുകയാണ്.
ഇവിടങ്ങളിൽ പകൽപോലും നടക്കാൻ പറ്റാത്ത അവസ്ഥയാണ്. രാത്രിയും രാവിലെയും പ്രധാന റോഡുകളിലെത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടിലാകുന്നത്. ടൗണുകളില്‍ ആഹാരാവശിഷ്ടങ്ങള്‍ ഉൾപ്പെടെയുള്ള മാലിന്യം കിടക്കുന്നിടത്താണ് ഇവ ഏറെയുള്ളത്. സ്കൂള്‍ കുട്ടികളും ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്നവരുമാണ് ഭീഷണി നേരിടുന്നത്. കടപ്പാട്ടൂരില്‍ പുലർച്ച ക്ഷേത്രങ്ങളില്‍ പോകുന്നവര്‍ എറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്.
രാത്രി ബസുകളിലെത്തി ടൗണിലൂടെ നടന്നുപോകുന്നവര്‍ നായ്ക്കളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. അന്തർ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതും ഇവ പെരുകുന്നതിന് ഇടയാക്കുന്നുണ്ട്. പലയിടത്തും രക്ഷിതാക്കള്‍ നേരിട്ട് കുട്ടികളെ സ്കൂളുകളില്‍ എത്തിക്കേണ്ട സാഹചര്യമാണുള്ളത്. രാവിലെ നഗരത്തിലൂടെ നടക്കാന്‍ എത്തുന്നവരെ ആക്രമിക്കുന്ന സംഭവം പതിവാണ്. സ്റ്റേഡിയത്തിനുള്ളിലും മുനിസിപ്പല്‍ കോംപ്ലക്സിന്റെ പിന്ഭാഗങ്ങളിലുമാണ് ഇവ കൂട്ടമായി കാണുന്നത്.
പരസ്പരം കടിപിടി കൂടുന്നതും കാല്‍നടക്കാര്‍ക്ക് നേരെ കുരച്ച് ചാടുന്നതും ഭയം ജനിപ്പിക്കുന്നുണ്ട്. പലപ്പോഴും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരെയും നായ്ക്കള്‍ ആക്രമിക്കാറുണ്ട്. ഇരുചക്രവാഹനങ്ങളുടെ പുറകെ ഓടുന്നതും അപകടങ്ങള്‍ക്ക് ഇടവരുത്തുന്നുണ്ട്. അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.