കോട്ടയം: കോടിമത എം.ജി റോഡരികുകൾ കൈയടക്കിയും ഇരുചക്രവാഹന യാത്രികരുടെ കാഴ്ച മറച്ചും ഭാരവാഹനങ്ങളുടെ പാർക്കിങ്. റോഡിന്റെ ഇരുവശങ്ങളും കവർന്നാണ് കണ്ടയ്നർ അടക്കമുള്ള ഭാരവാഹനങ്ങളുടെ പാർക്കിങ്. അന്തർസംസ്ഥാനങ്ങളിൽനിന്ന് വാഹനങ്ങളുടെയും മറ്റും ലോഡുമായി എത്തുന്ന വലിയ കണ്ടയ്നർ ലോറികളാണ് കോടിമതയിലെ എം.ജി റോഡ് കൈയേറുന്നത്. കോട്ടയത്തെ വാഹന ഷോറൂമുകളിലേക്ക് പുതിയ കാറുകളുമായി എത്തുന്ന കണ്ടെയ്നർ ലോറികളാണ് അധികവും റോഡിന് ഇരുവശത്തും പാർക്ക് ചെയ്തിരിക്കുന്നത്. വളവ് നിറഞ്ഞ ഭാഗത്തും ലോറികൾ പാർക്ക് ചെയ്തിരിക്കുന്നത് മൂലം അപകടങ്ങൾക്ക് ഇടയാക്കുന്നു. ഇരുചക്രവാഹന യാത്രികരാണ് പലപ്പോഴും അപകടത്തിനിരയാവുന്നത്. വളവ് നിറഞ്ഞ് ഭാഗത്ത് എത്തുമ്പോൾ മറ്റ് വാഹനമോടിക്കുന്നവർക്ക് കണ്ടയ്നർ ലോറികൾ കിടക്കുന്നത് മൂലം എതിർവശത്തുനിന്നുവരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാറില്ല. എം.സി റോഡിനെ കെ.കെ റോഡുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. കൂടാതെ, കോടിമത മത്സ്യ-പച്ചക്കറി മാർക്കറ്റ്, കലക്ട്രേറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കും എളുപ്പത്തിൽ ഇതുവഴിയെത്താം.
റോഡിലെ തെരുവുനായ് കൂട്ടവും വാഹനയാത്രക്കാർക്ക് അപകടഭീഷണിയാണ്. റോഡിന് ഇരുവശത്തും പാർക്ക് ചെയ്യുന്ന ലോറികളുടെ അടിയിലാണ് തെരുവുനായ്ക്കൾ വിഹരിക്കുന്നത്.
വാഹനങ്ങൾ എത്തുമ്പോൾ തെരുവുനായ്ക്കൾ റോഡിലേക്ക് എടുത്തുചാടുകയും ബൈക്കുകളുടെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാവുന്നതും നിത്യസംഭവമാണ്. ഇവിടെ വഴിവിളക്കുകൾ ഇല്ലാത്തത് രാത്രികാലത്ത് അപകടം ഇരട്ടിയാക്കുന്നു.
ലോറികൾ പാർക്ക് ചെയ്യുന്നതിന് നഗരസഭ പണം ഈടാക്കുന്നുണ്ട്. കണ്ടെയ്നർ ലോറികൾക്ക് പുറമേ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്ക് ലോറികളും ഇവിടെയുണ്ട്. ഇവയിൽ ഭൂരിഭാഗവും കേടായ ശേഷം ഉപേക്ഷിക്കപ്പെട്ടവയാണ്. കാട് മൂടികിടക്കുന്ന ഇവ റോഡിൽ നിന്ന് നീക്കാനുള്ള നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല.
മാർക്കറ്റിലെ വ്യാപാരികളും യാത്രക്കാരും പ്രശ്നം നഗരസഭാധികൃതരെ അറിയിച്ചിട്ടും ലോറികളുടെ അനധികൃത പാർക്കിങ് ഒഴിവാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.