കോട്ടയം: കണമല ഉൾപ്പെടെ ശബരിമല പാതയിലെ അപകട മേഖലകളിൽ വിവിധ ഭാഷകളിൽ കൂടുതൽ സൂചന ബോർഡുകൾ സ്ഥാപിക്കാൻ ശനിയാഴ്ച നടന്ന ജില്ല വികസന സമിതി യോഗം നിർദേശം നൽകി. കണമലയിൽ മൂന്ന് ഭാഗത്തുനിന്നും വരുന്ന അയ്യപ്പഭക്തർ ഒറ്റവഴിയിലൂടെ കണമല പാലം കയറി വേണം പമ്പയിലേക്ക് പോകാൻ. ഇത് ഗതാഗത പ്രശ്നങ്ങളുണ്ടാക്കുന്നതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇതര ഭാഷകളിലുൾപ്പെടെ ഇവിടെ കൂടുതൽ സൂചന ബോർഡുകൾ സ്ഥാപിക്കാമെന്ന് പൊതുമരാമത്ത് വിഭാഗം അധികൃതർ യോഗത്തെ അറിയിച്ചു. കാഞ്ഞിരപ്പള്ളി 26ാം മൈലിൽ എരുമേലിയിലേക്ക് തിരിയാനുള്ള വ്യക്തമായ സൂചന ബോർഡ് സ്ഥാപിക്കാനും എം.എൽ.എ നിർദേശം നൽകി. പാറത്തോട് പഞ്ചായത്തിലെ വലിയ കയം, എരുമേലി പഞ്ചായത്തിലെ കരിമ്പുകയം എന്നീ കുടിവെള്ള പദ്ധതികളുടെ സ്രോതസ്സുകൾ കല്ലും മണ്ണും അടിഞ്ഞ് സംഭരണശേഷി കുറഞ്ഞ നിലയിലാണെന്നും ഇത് നീക്കം ചെയ്യാൻ നടപടി വേണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
ചങ്ങനാശ്ശേരി അഞ്ചുവിളക്ക്-പണ്ടകശാല റോഡ്, ഡീലക്സ് പടി-ഇ.എം.എസ് പടി റോഡ് എന്നിവയുടെ സർവേ, വിലനിർണയ നടപടികൾ പൂർത്തിയായി വരുന്നതായി ജില്ല വികസനസമിതി യോഗം അറിയിച്ചു. തെരുവുനായ് ശല്യം പരിഹരിക്കാനുള്ള നടപടി വേണമെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ആവശ്യപ്പെട്ടു. ചങ്ങനാശ്ശേരി താലൂക്ക് ഓഫിസിന്റെ നവീകരണം ഉടൻ പൂർത്തിയാക്കുമെന്നും മൂന്നരക്കോടി ചെലവിട്ട് നിർമിക്കുന്ന ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷന്റെ സ്ട്രക്ചറൽ ഡിസൈൻ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാകുമെന്നും പൊതുമരാമത്തു കെട്ടിട വിഭാഗം അറിയിച്ചു.
ചങ്ങനാശ്ശേരി മണ്ഡലത്തിലെ നെൽകർഷകർക്ക് ലഭ്യമാക്കിയ നെൽവിത്തുകൾ മുളയ്ക്കാത്തതു സംബന്ധിച്ച പരാതി പരിഹരിച്ചതായും പാടശേഖര സമിതി വഴി പകരം വിത്ത് വിതരണം ചെയ്തതായും പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. കോട്ടയം ജില്ല ആശുപത്രിയുടെ ബഹുനില കെട്ടിടം പണിയുന്നതിന്റെ ഭാഗമായി നീക്കംചെയ്യുന്ന മണ്ണ് കോടിമത-മുപ്പായിക്കാട് റോഡ് ഉയർത്താൻ ഉപയോഗിക്കാൻ അനുമതി നൽകി ഉത്തരവു പുറപ്പെടുവിക്കുമെന്നു യോഗം അറിയിച്ചു. ഇവിടെ സംരക്ഷണഭിത്തി കെട്ടാൻ എം.എൽ.എ ഫണ്ടിൽനിന്ന് തുക അനുവദിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
കഞ്ഞിക്കുഴി മുതൽ കലക്ടറേറ്റ് വരെ കുടിവെള്ള പൈപ്പിടാൻ കുഴിച്ച റോഡ് മൂടിയെങ്കിലും പല ഭാഗത്തും കുഴിഞ്ഞ് യാത്ര ദുഷ്കരമായതായി കലക്ടർ ജോൺ വി. സാമുവൽ ചൂണ്ടിക്കാട്ടി. റോഡിന്റെ ഉപരിതല ടാറിങ് ജോലികൾ ഒരുമാസത്തിനകം നടത്തുമെന്ന് ദേശീയപാത വിഭാഗം പ്രതിനിധി അറിയിച്ചു. കലക്ടർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, സബ് കലക്ടർ ഡി. രഞ്ജിത്, ജില്ല പ്ലാനിങ് ഓഫിസർ എം.പി. അനിൽകുമാർ എന്നിവരും പങ്കെടുത്തു.
പ്ലാൻ ഫണ്ട് 100 ശതമാനം ചെലവഴിച്ച് 13 ഓഫിസുകൾ
കോട്ടയം: ജില്ലയിൽ 100 ശതമാനം പ്ലാൻ ഫണ്ട് ചെലവഴിച്ചത് 13 ഓഫിസുകൾ. നവംബർ 27 വരെയുള്ള കണക്കനുസരിച്ച് പത്ത് വകുപ്പുകൾ 90 ശതമാനത്തിനു മുകളിലും ചെലവഴിച്ചു. വികസനസമിതി യോഗത്തിൽ അവതരിപ്പിച്ച കണക്കിലാണ് വിവരങ്ങൾ. സി.സി.എഫ് ഹൈറേഞ്ച് സർക്കിൾ, ജില്ല പൊലീസ് മേധാവി, ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, ജല അതോറിറ്റി പി.എച്ച് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ കോട്ടയം, വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ കോട്ടയം, ജല അതോറിറ്റി പി.എച്ച് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ കടുത്തുരുത്തി, എക്സിക്യൂട്ടിവ് എൻജിനീയർ എം.വി.ഐ.പി, എക്സിക്യൂട്ടിവ് എൻജിനീയർ മേജർ ഇറിഗേഷൻ കോട്ടയം, എക്സിക്യൂട്ടിവ് എൻജിനീയർ പി.ഡബ്ല്യു.ഡി ബിൽഡിങ്സ് ആൻഡ് ലോക്കൽ വർക്സ്, ജോയന്റ് രജിസ്ട്രാർ കോഓപറേറ്റിവ് സൊസൈറ്റീസ് കോട്ടയം, പ്രോജക്ട് ഓഫിസർ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഐ ആൻഡ് ഇ) കോട്ടയം, ഡിസ്ട്രിക്ട് മിഷൻ കോഓഡിനേറ്റർ എന്നിവരാണ് മുഴുവൻ തുകയും ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.